04:30 pm 22/4/2017
ലക്നോ: ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ രണ്ടായിരത്തോളം മുസ്ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ. അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ യുപിയിലെ ഒരു മുസ്ലിംപള്ളിയിലെ ഇമാമായ മൊഹദ് ഫൈസാനാണ്. ഇതോടെയാണ് മുസ്ലിം ദേവാലയങ്ങളും മദ്രസകളും നിരീക്ഷണത്തിൽ വരാൻ കാരണമെന്ന് യുപി പോലീസ് അറിയിച്ചു.
നിരവധി കുട്ടികൾ മദ്രസകളിൽ പഠിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുപി പോലീസ് നിരീക്ഷണം ശക്തമാക്കിയത്. 500 ഓളം മദ്രസകളിൽ 15 എണ്ണം ഡിഗ്രി തലത്തിലുള്ളതും 55 എണ്ണം ഹൈസ്കൂൾ തലത്തിലുള്ളതുമാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഈ മദ്രസകൾ കൂടാതെ 1,500 ഓളം മുസ്ലിംപള്ളികളും നിരീക്ഷണ പരിധിയിലുണ്ട്.
ആറ് സംസ്ഥാനങ്ങളിലെ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ വലയിലാക്കിയത്. ഇവരെ കൂടാതെ എട്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഭീകര വിരുദ്ധ സേന (എടിഎസ്) ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.