രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നു കേരളത്തില്‍ എത്തും.

09:35
26/2/2016
download (2)

കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന കൊച്ചിയിലത്തെും. എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുക. വെള്ളിയാഴ്ച ഉച്ചക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്തത്തെും. മൂന്നുമണിക്ക് കോട്ടയം സി.എം.എസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളജിലെ പ്രത്യേക ഹെലിപ്പാഡിലിറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അഞ്ചരയോടെ കൊച്ചിയിലേക്ക് മടങ്ങും.

തുടര്‍ന്ന് ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ഗവണ്‍മെന്റ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിന്റെ 155ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. വിലിങ്ടണ്‍ ഐലന്‍ഡിലെ ടാജ് വിവാന്റ ഹോട്ടലില്‍ താമസിക്കും.
ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോകുന്ന രാഷ്ട്രപതി പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങും. തുടര്‍ന്ന് മുസ് രിസ് പൈതൃക പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനംചെയ്യും. ഇതിന് ശേഷം കോഴിക്കോട്ടത്തെി സൈബര്‍ പാര്‍ക്ക് ഉദ്ഘാടനവും നിര്‍വഹിച്ചശേഷം ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി എറണാകുളം നഗരത്തില്‍ രണ്ടുദിവസം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ശക്തമായ സുരക്ഷാസന്നാഹവും ഒരുക്കിയിട്ടുണ്ട്.