രണ്ടു മാസം പ്രായമുളള കുഞ്ഞ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

08:16 am 2017
– പി.പി. ചെറിയാന്‍
Newsimg1_24657360
സാന്‍മാര്‍ക്കസ് (ടെക്‌സസ്): ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ ആക്രമണത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെക്‌സസ്സിലെ സാന്‍മാര്‍ക്കസ്സില്‍ ജനുവരി 17 ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഉറങ്ങുന്നതിനിടയിലാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് കുട്ടിയെ ആക്രമിച്ചത്. ഒന്നര മണിക്കൂര്‍ ഉറക്കത്തിനു ശേഷം കുഞ്ഞിനെ തിരക്കിയ പിതാവിനു ദേഹമാസകലം കടിയേറ്റു ശ്വാസം നിലച്ചു തണുത്ത് വിറ ങ്ങലിച്ച കുഞ്ഞിനെയാണ് കാണാന്‍ കഴിഞ്ഞത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എട്ടു വര്‍ഷമായി വീട്ടില്‍ വളര്‍ത്തുന്നതായിരുന്നു ഈ ജെര്‍മന്‍ ഷെപ്പേഡ് എന്നു പിതാവു പറഞ്ഞു.സംഭവത്തിനു ശേഷം ആനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ നായയെ കസ്റ്റഡിയിലെടുത്തു.

സാന്‍മാര്‍ക്കസ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയോടെയാണു സംഭവം പുറത്തറിഞ്ഞത്. ശരിയായ പരിശീലനം ലഭിച്ച വളര്‍ത്തു മൃഗമായാലും എപ്പോഴാണ് ഇവ പ്രകോപിതരാവുക എന്നു പറയുക അസാധ്യമാണ്. ചെറിയ കുഞ്ഞുങ്ങളായാലും മുതിര്‍ന്നവരായാലും വളരെ ശ്രദ്ധ പുലര്‍ത്തുന്ന ഒരു വിഷയമാണിത്. മനുഷ്യരേക്കാള്‍ വളര്‍ത്തു മൃഗങ്ങളെ അന്ധമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന നിരവധി ആളുകളെക്കാണാന്‍ കഴിയും. യജമാനന്മാരെ ആപത്തുകളില്‍ നിന്നും രക്ഷിച്ച നിരവധി വളര്‍ത്തു മൃഗങ്ങളുടെ കഥകള്‍ ആവേശം കൊള്ളിക്കുമെങ്കിലും മൃഗങ്ങള്‍ മൃഗങ്ങളാണെന്നത് ഓര്‍ക്കുന്നത് ഉചിതമാണ്.