രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവ്‌, നിര്‍ദേശിച്ചത്‌ ഉമ്മന്‍ചാണ്ടി

09:39am 30/5/2016
images
തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവായും കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു.
അഞ്ചുമണിക്കൂര്‍ നീണ്ട മാരത്തണ്‍ നടപടികള്‍ക്കുശേഷമാണു തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ല എന്നു വ്യക്‌തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്നു കരുതിയെങ്കിലും മണിക്കൂറുകള്‍ നീണ്ടു ചര്‍ച്ചകള്‍. എല്ലാ കോണ്‍ഗ്രസ്‌ നിയുക്‌ത എം.എല്‍.എമാരെയും ഹൈക്കമാന്‍ഡ്‌ പ്രതിനിധികള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കണ്ട്‌ അഭിപ്രായസ്വരൂപണം നടത്തിയശേഷമാണു പ്രഖ്യാനമുണ്ടായത്‌. ഐകകണ്‌ഠേനയായാണ്‌ രമേശിനെ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷിനേതാവായും പ്രതിപക്ഷനേതാവായും തെരഞ്ഞെടുത്തതെന്ന്‌ തീരുമാനം പ്രഖ്യാപിച്ച എ.ഐ.സി.സി പ്രതിനിധിയുംഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്‌ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയാണ്‌ രമേശിന്റെ പേര്‌ നിയമസഭാകക്ഷി നേതൃസ്‌ഥാനത്തേക്കു നിര്‍ദേശിച്ചത്‌. വി.ഡി. സതീശന്‍, വി.ടി. ബലറാം, അടൂര്‍ പ്രകാശ്‌ എന്നിവര്‍ പിന്താങ്ങി. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വികാരം മനസിലാക്കിയ ഹൈക്കമാന്‍ഡ്‌ പ്രതിനിധികള്‍ സോണിയാഗാന്ധിയും യു.ഡി.എഫ്‌. ഘടകകക്ഷിനേതാക്കളുമായും ചര്‍ച്ചചെയ്‌തിരുന്നു.
രാവിലെ 11നു യോഗം ചേരാന്‍ നിശ്‌ചയിച്ചിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ്‌
പ്രതിനിധികളായി എത്തിയ ഷീലാ ദീക്ഷീത്‌, സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്‌ എന്നിവര്‍ എത്താന്‍ വൈകിയതുകൊണ്ട്‌ 12 മണിക്കാണ്‌ തുടങ്ങിയത്‌. ഇതിനിടെ കെ. മുരളീധരന്‍ യോഗത്തില്‍നിന്നും വിട്ടുനിന്നത്‌ ആശങ്കയുമുണ്ടാക്കി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ മുരളിയെ വിളിച്ചുവരുത്തുകയായിരുന്നു.
അതിനുശേഷം നിയമസഭാകക്ഷി യോഗം ചേര്‍ന്നെങ്കിലും ഓരോരുത്തരുടെയും അഭിപ്രായം മനസിലാക്കണമെന്ന നിലപാട്‌ ഹൈക്കമാന്‍ഡ്‌ പ്രതിനിധികള്‍ സ്വീകരിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഓരോ നിയുക്‌ത എം.എല്‍.എമാരുമായും അവര്‍ ചര്‍ച്ച നടത്തി. ചിലര്‍ പേരുകള്‍ എഴുതിനല്‍കിയപ്പോള്‍ മറ്റുചിലര്‍ അഭിപ്രായപ്രകടനം മാത്രമാണ്‌ നടത്തിയത്‌. രണ്ടേമുക്കാല്‍ മണി വരെ ഈ കൂടിക്കാഴ്‌ച നീണ്ടുനിന്നു. തീരുമാനം ഡല്‍ഹിക്ക്‌ പകരം ഇവിടെത്തന്നെ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ നേതാക്കള്‍ എത്തിച്ചേര്‍ന്നു. മൂന്നരയ്‌ക്ക് വീണ്ടും നിയമസഭാകക്ഷിയോഗം ചേര്‍ന്നപ്പോള്‍ എം.എല്‍.എമാരുടെ അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തില്‍ തീരുമാനം എടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. രമേശ്‌ ചെന്നിത്തല അതിനെ പിന്താങ്ങി. നാലരയോടെ ഡല്‍ഹിയില്‍ നിന്ന്‌ രമേശിന്റെ പേരിന്‌ അംഗീകാരം ലഭിച്ചു. അതിനുശേഷം ഘടകകക്ഷിനേതാക്കളുമായി ഉമ്മന്‍ചാണ്ടിയും സുധീരനും ഫോണിലൂടെ ആശയവിനിമയം നടത്തി. അതിനുശേഷം അഞ്ചുമണിക്ക്‌ രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷനേതാവായി ഷീലാ ദീക്ഷിത്‌ പ്രഖ്യാപിക്കുകയായിരുന്നു.