രാജ്യം ഇന്ന് 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

01.23 AM 15-08-2016
70th-Independence-Day-of-India
കനത്ത സുരക്ഷയില്‍ രാജ്യം ഇന്ന് 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നടക്കുന്ന ചെങ്കോട്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനു പ്രധാനമന്ത്രി രൂപം നല്‍കുന്നത്.
രാവിലെ ഏഴിനു പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. 7.10നു സ്വാതന്ത്ര്യ ദിന പ്രസംഗം തുടങ്ങും. പ്രസംഗത്തനായി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ എന്തിനാണ് പൂച്ചെണ്ടുകള്‍.? ഇതൊഴിവാക്കിയാല്‍ ഒന്നര കോടിയോളം രൂപ ലാഭിക്കാന്‍ കഴിയില്ലേ? വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താമോ? എങ്കില്‍ സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുമല്ലോ? 80,000കോടി രൂപ പ്രത്യേകമായി അനുവദിച്ച ജമ്മുകശ്മീരില്‍ എന്ത് വികസനമാണ് നടക്കുന്നത്? കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടോ? തുടങ്ങി പ്രധാനമന്ത്രിയുടെ മോദിയുടെ മൂന്നാം ചെങ്കോട്ട പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആശയങ്ങളും ആശങ്കകളും പ്രവഹിക്കുകയാണ്.
ദളിത് പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തടക്കം നടന്ന ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങളും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും പ്രസംഗത്തില്‍ പ്രതിപാദിക്കണം എന്നാണു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പിലും, വൈബ്‌സൈറ്റിലും,മൈ ഗവണ്‍മെന്റ് സൈറ്റിലുമാണു നിര്‍ദ്ദേശങ്ങള്‍ നിറയുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ എഴുതി തയാറാക്കിയ പ്രസംഗം ഒഴിവാക്കി സ്വാഭാവിക പ്രസംഗത്തിനാണ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നത്.
ഭീകരാക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം.