രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ.

07:55 am 19/1/2017

download (1)
ന്യൂഡല്‍ഹി: ഭൂപ്രദേശങ്ങളുടെ കാര്യത്തില്‍ രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ. ഇന്ത്യയുടെ വളര്‍ച്ച ചൈനയുടെ ഉയര്‍ച്ചക്ക് വെല്ലുവിളിയായി കാണരുതെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച റെയ്സീന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയുടെ പരമാധികാരം ചൈന ബഹുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

സ്വന്തം പരമാധികാരത്തിന്‍െറ കാര്യത്തില്‍ അതിശ്രദ്ധ പുലര്‍ത്തുന്ന ചൈന ഇന്ത്യയോടും അതേ സമീപനം പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെ ആശങ്കകളും താല്‍പര്യങ്ങളും പരസ്പരം മാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സാര്‍ക്ക് കൂട്ടായ്മയെ നിഷ്ഫലമാക്കിയത് ഒരു അംഗരാജ്യത്തിലെ അരക്ഷിതാവസ്ഥയാണെന്ന് പറഞ്ഞ് ജയശങ്കര്‍ പാകിസ്താനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആഗോള സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണി ഭീകരതയാണ്. മുഖ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ഐക്യരാഷ്ട്രസഭയില്‍ പരിഷ്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യു.എസ് ബന്ധത്തില്‍ 1945ന് ശേഷം കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്ന് ഡോണള്‍ഡ് ട്രംപിന്‍െറ വിജയത്തെ പരാമര്‍ശിച്ച് ജയശങ്കര്‍ പറഞ്ഞു.