11:45 am 15/1/2017

ന്യൂഡൽഹി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമ്പോഴും പല പോലീസ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് കണക്കുകൾ. ഒരു വാഹനം പോലുമില്ലാത്ത 183 പൊലീസ് സ്റ്റേഷുകളാണ് ഇന്ത്യയിലുള്ളത്. 403 എണ്ണത്തിൽ ടെലിഫോൺ കണക്ഷൻ ഇല്ല. വയർലെസ് കണക്ഷൻ ഇല്ലാത്ത 134 സ്റ്റേഷനുകളാണ് രാജ്യത്ത് നിലവിലുള്ളത്. ബ്യൂറോ ഒാഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 15, 555 പൊലീസ് സ്റ്റേഷനുകളാണ് ഇന്ത്യയിൽ ആകെ നിലവിലുള്ളത്.
മധ്യപ്രദേശിലാണ് ടെലിഫോൺ കണക്ഷൻ ഇല്ലാത്ത പൊലീസ് സ്റ്റേഷനുകൾ ഏറ്റവും കൂടുതൽ. മധ്യപ്രദേശിലെ 111 സ്റ്റേഷനുകളിൽ ടെലിഫോൺ കണക്ഷനില്ല. ഇക്കാര്യത്തിൽ മേഘാലയയും മണിപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യയിൽ 10,014 പൊലീസ് സ്റ്റേഷനുകൾ ഗ്രാമീണ മേഖലയിലും 5,025 പൊലീസ് സ്റ്റേഷനുകൾ നഗര മേഖലയിലുമാണ്.
നക്സൽ–മാവോയിസ്റ്റ് മേഖലയിൽ പലപ്പോഴും വയർെലസും ടെലിഫോണുകളും മാവോയിസ്റ്റുകൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇതും പ്രശ്നങ്ങൾക്ക് കാരണമാവുന്നുവെന്നാണ് പൊലീസ് അധികാരികളുടെ വിലയിരുത്തൽ. അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല പൊലീസുകാരുടെ എണ്ണത്തിലും രാജ്യത്തിൽ കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. നിലവിൽ 729 ആളുകൾക്ക് 1 പൊലീസ് ഒാഫീസർ എന്നതാണ് കണക്ക്. ഇത് നിലവിലെ സാഹചര്യത്തിന് ഒട്ടും പര്യാപ്തമല്ലെന്ന വിലയിരുത്തലാണ് പല ഉദ്യോഗസ്ഥർക്കുമുള്ളത്.
