01:34 pm 12/3/2017
മുംബൈ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ക്രിക്കറ്റ് ടീം പരിശീലകനാവുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ അണ്ടർ-19 ടീമിെൻറ പരിശീലകനാണ് ദ്രാവിഡ്. അനിൽ കുംബ്ലെക്ക് ഡയറക്ടർ സ്ഥാനവും നൽകാനാണ് സാധ്യത.
ഇപ്പോൾ നടക്കുന്ന ആസ്ട്രേലിയയുമായുള്ള പരമ്പര കഴിഞ്ഞ് ടീമിൽ വൻ അഴിച്ച് പണി നടത്താനാണ് ബി.സി.സി.െഎയുടെ നീക്കം. ഏപ്രിൽ 14ാം തിയതി ദ്രാവിഡ് പരിശീലകനായി ചുമതലയേൽക്കുമെന്നാണ് വാർത്തകൾ.
ഇന്ത്യൻ ക്രിക്കറ്റിലെ വിവിധ ടീമുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഒരാൾക്ക് നൽകാനുള്ള സാധ്യതകളും ബി.സി.സി.െഎ പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ടീം ഡയറക്ടറാവുന്ന കുംബ്ലെക്കാവും വിവിധ ടീമുകളുടെ ചുമതല നൽകുക. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബി.സി.സി.െഎ കുംബ്ലെക്ക് സമയം അനുവദിച്ചിട്ടുണ്ട്.
സച്ചിൽ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരടങ്ങിയ കമ്മിറ്റിയിൽ നിന്ന് ഒരാളെ ബി.സി.സി.െഎ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലയേൽപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുൽ ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

