09:34 am 16/4/2017
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ഏറ്റവും തിരക്കേറിയ നഗരമധ്യത്തിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലെ ടെലിവിഷൻ സ്ക്രീനിൽ അശ്ലീല വീഡിയോ പരസ്യം പ്രദർശിപ്പിച്ചതു വിവാദമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു ഡിഎംആർസി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
രാജീവ് ചൗക്കിലെ ടെലിവിഷൻ സ്ക്രീനിൽ അശ്ലീല ദൃശ്യമടങ്ങിയ പരസ്യം സംപ്രേഷണം ചെയ്തപ്പോൾ ഒരു യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ അശ്ലീല പരസ്യം നീക്കം ചെയ്തതായി മെട്രോ അധികാരികൾ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
മൂന്നു വർഷം മുന്പും ഇത്തരത്തിൽ അശ്ലീലത നിറഞ്ഞ പരസ്യം വിവാദമായതിനെ തുടർന്ന് മെട്രോ അധികാരികൾ നീക്കം ചെയ്തിരുന്നു.
ഒരു ടേപ്പു കൊണ്ടു മാത്രം മറച്ച നഗ്നയായ യുവതിയുടെ വലിയ പരസ്യ ചിത്രമാണ് 2014ൽ വിവാദമായത്.
രാജീവ് ചൗക്ക്, കാഷ്മീരി ഗേറ്റ് തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ ഇതു പ്രദർശിപ്പിച്ചിരുന്നു. ഡൽഹി മെട്രോ ട്രെയിനുകളിൽ കാമുകീ കാമുകന്മാരും മറ്റും നടത്തുന്ന അശ്ലീല ചേഷ്ഠകളുടെ സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനു പുറമേയാണ് പുതിയ വിവാദം.