02:44 pm 28/5/2017
രാംപുർ: ഉത്തർപ്രദേശിൽ രണ്ടു പെൺകുട്ടികളെ 14 പേർ ചേർന്ന് മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹകമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പടിഞ്ഞാറൻ യുപിയിലെ രാംപുർ ജില്ലയിൽ ടാൻഡയിലായിരുന്നു സംഭവം. ദൃശ്യങ്ങൾ എന്നാണ് പകർത്തിയതെന്ന് വിവരമില്ല. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മുതലാണ് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ ആരംഭിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇടുങ്ങിയ വഴിയിലാണ് മാനഭംഗം അരങ്ങേറിയത്. രണ്ടു പെൺകുട്ടികൾ റോഡിലൂടെ നടന്നുവരുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ ഇവരെ തടഞ്ഞുനിർത്തുകയും തലോടുകയും പിടിച്ചുവലിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. രക്ഷക്കായി പെൺകുട്ടികൾ കരഞ്ഞ് അപേക്ഷിക്കുന്നത് വീഡിയോയിൽ കേൾക്കാൻ കഴിയുന്നുണ്ട്. ഏറെ നേരത്തിനു ശേഷമാണ് പെൺകുട്ടികൾക്ക് അക്രമികളിൽനിന്നും രക്ഷപെടാനായത്.