റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി

07:37 am 20/2/2017

images (6)
റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും വൈദ്യുതി കിട്ടണമെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ ജാതി,മത ഭേദം പാടില്ലെന്നും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട് ഫത്തേപ്പൂരിലെ ബി.ജെ.പി റാലിയില്‍ മോദി പറഞ്ഞു
ഉത്തര്‍പ്രദേശില്‍ ഹിന്ദു ഏകീകരണത്തിലാണ് ബി.ജെ.പിയുടെ ഉന്നം. മുസ്ലീംകളും യാദവരും ദളിതരും എതിരാളികള്‍ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ബി.ജെ.പിയിലെ രണ്ടാംനിര നേതാക്കള്‍ പ്രത്യക്ഷമായി ഹിന്ദുത്വ കാര്‍ഡ് പ്രചാരണ വേദികളില്‍ ഇറക്കുന്നു. നാലാംഘട്ട പ്രചാരണത്തിലേക്ക് കടക്കുമ്പോള്‍ എതിരാളികളെ വിമര്‍ശിച്ച് ഇതേ കാര്‍ഡ് മോദിയും ഇറക്കി. വിവേചനമാണ് ഉത്തര്‍ പ്രദേശിലെ വലിയ വിഷയമെന്നാണ് മോദി പറയുന്നത്. ജാതിയും മതവും പറഞ്ഞ് ചിലര്‍ വോട്ടു തേടുമ്പോള്‍ എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും പുരോഗതി എന്ന മുദ്രാവാക്യമുയര്‍ത്തുന്നത് ബി.ജെ.പിയാണെന്ന് മോദി അവകാശപ്പെടുന്നു. വികസനകാര്യത്തില്‍ വിവേചനം കാട്ടരുതെന്നത് സര്‍ക്കാരിന്റെ കടമയാണ്. ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിച്ചാല്‍ ശ്‍മാശനവും നിര്‍മിക്കണം. റംസാന് വൈദ്യുതി എത്തിയാല്‍ ദീപാവലിക്കും എത്തണം. വിവേചനം പാടില്ലെന്നായിരുന്നു മോദി പ്രസംഗിച്ചത്.
തന്റെ സര്‍ക്കാര്‍ ഒരു വിവേചനവും കാട്ടാതെ എല്ലാവര്‍ക്കും പാചകവാതകം എത്തിച്ചു. യൂറിയ വിതരണത്തിലെ കരിഞ്ചന്ത അവസാനിപ്പിച്ചെന്ന് പറഞ്ഞ് യു.പിയിലെ കര്‍ഷക വോട്ടര്‍മാരെ അടുപ്പിക്കാനും മോദി ശ്രമിച്ചു. നോട്ട്‍ പിന്‍വലിക്കല്‍ ഉത്തര്‍പ്രദേശില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണത് ചെയ്തതെന്നാണ് മോദി പ്രചാരണ വേദികളില്‍ ആവര്‍ത്തിക്കുന്നത്. മുങ്ങാന്‍ പോകുന്നുവെന്ന് ഉറപ്പുള്ളതിനാലാണ് എസ്.പി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചതെന്നും മോദി പരിഹസിച്ചു .നാലാം ഘട്ട പ്രചാരണത്തിലും എസ്.പി കോണ്‍ഗ്രസ് സഖ്യത്തെ രൂക്ഷമായി വിമര്‍ശിക്കാനും കളിയാക്കാനുമാണ് നരേന്ദ്രമോദി കൂടുതല്‍ സമയംവും ചെലവഴിക്കുന്നത്.