റവ. ഫാ. സുജിത് തോമസിന് ആല്‍ബനിയില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി

7:49 pm 9/5/2017

– മൊയ്തീന്‍ പുത്തന്‍ചിറ


ആല്‍ബനി (ന്യൂയോര്‍ക്ക്): കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ആല്‍ബനി സെന്റ് പോള്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച് ഫിലഡല്‍ഫിയയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫാ. സുജിത് തോമസിന് ആല്‍ബനി നിവാസികള്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 29-ന് വൈകീട്ട് 6 മണിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ ആല്‍ബനി മലയാളി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ഒന്നിച്ചുകൂടിയവര്‍ നല്‍കിയ യാത്രയയപ്പ് വികാരനിര്‍ഭരമായിരുന്നു.

ഫാ. സുജിത് തോമസ് വൈദിക പട്ടമേറ്റതിനുശേഷം 2012-ല്‍ ആദ്യ ചുമതലയായി സെന്റ് പോള്‍സിന്റെ ഇടവക വികാരിപദം സ്വീകരിക്കുകയും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇടവകയെ അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്തു. ഫാ. സുജിത് തോമസ് തന്റെ കര്‍മ്മമേഖല ഇടവക ചുമതലകളുടെ പരിധിക്കുള്ളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ സാമൂഹ്യക്ഷേമങ്ങള്‍ക്കും ഐക്യങ്ങള്‍ക്കുമുതകുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാനും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. തന്മൂലം അദ്ദേഹം ആല്‍ബനി മലയാളി സമൂഹത്തിന് പ്രിയങ്കരനായി മാറുകയും ചെയ്തു.

2015 ജൂലൈയില്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ടൈംസ് യൂണിയന്‍ ‘ഫെയ്‌സ് ഓഫ് ഫെയ്ത്ത്’ എന്ന വെള്ളിയാഴ്ച എഡിഷനില്‍ ഫാ. സുജിത്തിന്റെ ഇടവക സേവനങ്ങളെയും സമര്‍പ്പണ ജീവിതത്തേയും പറ്റി ഒരു മുഴുനീള ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി സമീപപ്രദേശങ്ങളിലെ മറ്റു ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുവാനും, സ്‌നേഹബഹുമാനങ്ങള്‍ പങ്കിട്ട് ഒരുമിച്ചു പ്രവര്‍ത്തിക്കുവാനുമുള്ള പല അവസരങ്ങളും ഇടവകക്ക് ലഭിച്ചു. ആല്‍ബനിയിലെ സഹോദര സഭകളിലും, മലയാളി അസ്സോസിയേഷനിലും അച്ചന്റെ പ്രവര്‍ത്തനങ്ങളും സാന്നിധ്യവും ശ്ലാഘനീയമായിരുന്നു.

2012-ല്‍ ഏകദേശം 16 അംഗങ്ങളും ചുരുക്കം കുടുംബങ്ങളുമായി മാസത്തില്‍ രണ്ട് ശനിയാഴ്ചകളില്‍ മാത്രം വി. കുര്‍ബ്ബാന നടത്തുന്നതില്‍ ഒതുങ്ങിയിരുന്ന സെന്റ് പോള്‍സ് ഇടവകയെ, എല്ലാ ഞായറാഴ്ച പ്രഭാതങ്ങളിലും മാറാനായ പെരുന്നാളുകളിലും ആരാധനക്ക് സജ്ജമാക്കിയ ശ്രമകരമായ ലക്ഷ്യം നടപ്പിലാക്കുകയും, 2014-ല്‍ ഒരു മഹാത്ഭുതം എന്നപോലെ ഇടവകക്ക് സ്വന്തമായി മനോഹരമായ ഒരു ആലയം ലഭ്യമാക്കിയതും അച്ചന്റെ ആത്മാര്‍ത്ഥമായ പരിശ്രമവും വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണത്തിന്റേയും, കഠിനപ്രയത്‌നത്തിന്റേയും ഫലം മാത്രമാണെന്ന് ഇടവക സമൂഹം നന്ദിയോടെ സ്മരിക്കുന്നു.

യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച്, ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍, സെന്റ് ജോര്‍ജ്ജ് അന്തോക്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവരുടെ പ്രതിനിധികള്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു.

ഫാ. ഗ്രിഗറി ദെസ്മറായസ്, ജോര്‍ജ്ജ് ഡേവിഡ്, ശോശാമ്മ വര്‍ഗീസ്, വര്‍ഗീസ് അത്തിമൂട്ടില്‍, ജേക്കബ് സിറിയക്, മെര്‍ലിന്‍ നായര്‍, അഥീന വര്‍ഗീസ് എന്നിവര്‍ അച്ചന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മറിയ സാമുവേലിന്റേയും യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റേയും ഹൃദ്യമായ ഗാനങ്ങള്‍ സദസ്സിന് ആമോദമായി. സെന്റ് പോള്‍സ് ഇടവക സെക്രട്ടറി ഐന്‍സ് ചാക്കോ കൃതജ്ഞതയര്‍പ്പിച്ചു. ആന്‍ തോമസ് എം.സി.യായി പ്രവര്‍ത്തിച്ചു.

ഫാ. സുജിത് തോമസ് തന്റെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടവകയും സമൂഹവും നല്‍കിയ പ്രോത്സാഹനങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുകയും, തന്റെ തുടര്‍ജീവിതത്തില്‍ ആല്‍ബനി എന്നും സജീവമായി നിലനില്‍ക്കുമെന്നും ഓര്‍മ്മിപ്പിച്ചു.

സെന്റ് പോള്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനുവേണ്ടി വര്‍ഗീസ് അത്തിമൂട്ടില്‍ അറിയിച്ചതാണിത്.