റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

08:30 am 28/9/2016
download
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ വിദ്യാർത്ഥികളുടെ പീഡനമാണ് കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഉച്ചയ്ക്ക് സഹപാഠികളാണ് ഷെറിനെ ഹോസ്റ്റൽ മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഷെറിൻ എഴുതിയെന്ന് കരുതപ്പെടുന്ന കത്തും ലഭിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. രാവിലെ ക്ലാസിലേക്ക് പോകും വഴി എസ് എഫ് ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ ഷെറിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ക്യാമ്പസില്‍ ഓണാഘോഷസമയത്ത് ഷെറിനും എസ് എഫ് ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇതെന്നും വിദ്യാർത്ഥികൾ പറഞ്ഞു
ഷെറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്നാൽ, ഓണാഘോഷത്തിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് സർവ്വകലാശാല ഷെറിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നെന്നും ഇതിന്‍റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടന്നതെന്നും എസ്എഫ്ഐ പ്രതികരിച്ചു.