റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു

07:39am 25/6/2016

images (2)

ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു. കോഴിക്കോട് പൊലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയുമാണ് വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടത്തെി. കലബുറഗി എസ്.പി ശശികുമാര്‍, അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി, നാല് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ടു വനിതാ എസ്.ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ ചോദ്യം ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ വിശദീകരണം സംഘം പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കലബുറഗി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കേരളത്തിലെ ആന്റി റാഗിങ് നിയമത്തിനു പകരം കര്‍ണാടക വിദ്യാഭ്യാസ നിയമവും കോളജിലും ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തിയതിന് കോളജ് അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 336 വകുപ്പും ചേര്‍ത്തിട്ടുണ്ട്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഐ.പി.സിയിലെ 176 വകുപ്പും ചുമത്തി. എന്നാല്‍, ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ ചുമതല വഹിക്കുന്ന ഓഫിസര്‍ അശ്വതിയില്‍നിന്ന് വിവരം ശേഖരിക്കുന്നതിന് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പുറപ്പെടും. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പൊലീസ് കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണ, ജോ, രേഷ്മ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റാഗിങ് നടന്നിരുന്ന്: കോളജ് പ്രസിഡന്റ്
ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനിക്കുനേരെ റാഗിങ് നടന്നതിന് സ്ഥിരീകരണവുമായി മുന്‍മന്ത്രിയും അല്‍ഖമര്‍ കോളജ് ഓഫ് നഴ്‌സിങ് സ്ഥാപനത്തിന്റെ പ്രസിഡന്റുമായ ഖമറുല്‍ ഇസ്ലാം. സീനിയര്‍ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മലയാളി വിദ്യാര്‍ഥിനിയെ ഫിനോള്‍ കുടിപ്പിച്ചെന്ന കാര്യം പ്രിന്‍സിപ്പല്‍ അന്നുതന്നെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖമറുല്‍ ഇസ്ലാം.

കുട്ടിയെ പ്രദേശത്തെ മികച്ച ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. സുഖപ്പെട്ടുവെന്നാണ് വിവരം. ചികിത്സാ ചെലവുകള്‍ നല്‍കിയത് പ്രിന്‍സിപ്പലാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരുതല്‍ എടുത്തിരുന്നു. അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചില്‌ളേയെന്ന ചോദ്യത്തിന് കുട്ടി ആത്മഹത്യക്കു ശ്രമിച്ചതാണെന്ന് പറഞ്ഞ് ഒഴിവാകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആന്റി റാഗിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്‌ളെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തു. കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി 13 എന്‍ജിനീയറിങ്, നഴ്‌സിങ് സ്ഥാപനങ്ങളാണ് ഖമറുല്‍ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ളത്. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുന$സംഘടനയില്‍ ഖമറുല്‍ ഇസ്ലാമിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മാസം റാഗിങ് നടക്കുമ്പോള്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമവഖഫ് ബോര്‍ഡ് മന്ത്രിയായിരുന്നു ഖമറുല്‍ ഇസ്ലാം.

അശ്വതിക്ക് ഇന്ന് എന്‍ഡോസ്‌കോപി നടത്തും
കോഴിക്കോട്: അശ്വതിയെ ശനിയാഴ്ച എന്‍ഡോസ്‌കോപിക്ക് വിധേയയാക്കും. സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ ഗാസ്‌ട്രോ എന്ററോളജി വിദഗ്ധരുടെ നേതൃത്വത്തിലാണ് എന്‍ഡോസ്‌കോപി നടത്തുക. ഇത് വിജയകരമായാല്‍ പൊള്ളലിലൂടെ ചുരുങ്ങിപ്പോയ അന്നനാളം വികസിക്കുകയും, പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാനാവുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെടണം വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: മലയാളി ദലിത് വിദ്യാര്‍ഥി ക്രൂരമായ റാഗിങ്ങിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. രാജ്യത്ത് ദലിത് പീഡനങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിറവും ജാതിപേരും പറഞ്ഞാണ് അശ്വതിക്കുനേരെ മലയാളികളായ സഹപാഠികളുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണം നടന്നത്.
അധികാരത്തില്‍ വന്നശേഷം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംനേരെ നടന്ന നിരവധി ആക്രമണങ്ങളില്‍ ഒന്നില്‍പോലും നരേന്ദ്ര മോദി പ്രതികരിച്ചിട്ടില്ല എന്നത് ഇത്തരം ആക്രമണോത്സുകതകളെ വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. റാഗിങ്ങിനിരയായ അശ്വതിയെയും അമ്മയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.