റാഗിങ്: രണ്ട് മലയാളി വിദ്യാർഥിനികൾക്കെതിരെ കേസ്

12 :58pm 22/06/2016
images
കോഴിക്കോട്: കർണാടകയിലെ സ്വകാര്യ കോളജിലെ നഴ്സിങ് വിദ്യാർഥിനി എടപ്പാൾ സ്വദേശി അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ മലയാളികളായ രണ്ട് വിദ്യാർഥിനികൾക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവർക്കെതിരെയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനും റാഗിങ് ആക്ട് അടിസ്ഥാനത്തിലും പട്ടികജാതി-വർഗ നിയമ പ്രകാരവുമാണ് കേസെടുത്തത്. തുടർനടപടികൾക്കായി കേസ് കർണാടകയിലെ കൽബുറഗി പൊലീസിന് കൈമാറും.

മേയ് ഒമ്പതിനു രാത്രിയാണ് സംഭവം നടന്നത്. ബി.എസ്.സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതിയെ കൊല്ലം, ഇടുക്കി ജില്ലകളില്‍നിന്നുള്ള നാല് മുതിര്‍ന്ന വിദ്യാര്‍ഥിനികളാണ് ക്രൂരപീഡനത്തിനിരയാക്കിയത്. മരണത്തിനുവരെ കാരണമായേക്കാവുന്ന ടോയ് ലറ്റ് വൃത്തിയാക്കുന്നതിനുള്ള ലായനിയാണ് ദലിത് പെണ്‍കുട്ടിയുടെ വായിലേക്ക് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഒഴിച്ചുകൊടുത്തത്. അന്നനാളം പൊള്ളിപ്പോയ അശ്വതി ഉടന്‍ രക്തം ഛര്‍ദിച്ചെങ്കിലും റാഗിങ്ങിനിരയാക്കിയവര്‍ കണ്ട് രസിക്കുകയായിരുന്നുവത്രേ. ലോഷന്‍ കുടിപ്പിക്കുന്നതോടൊപ്പം വസ്ത്രം അഴിച്ചു മാറ്റാനാവശ്യപ്പെടുകയും, നീ കറുത്തവളാണ്, വെറുതെയല്ല നിന്‍റെ പിതാവ് ഉപേക്ഷിച്ചു പോയതെന്നും മറ്റുമുള്ള അധിക്ഷേപ വാക്കുകള്‍ ചൊരിയുകയും ചെയ്തു.

എടപ്പാളിലെ നിര്‍ധന കുടുംബത്തിലെ അംഗമായ അശ്വതി ചെറുപ്പംതൊട്ടേ നഴ്സിങ് പഠിക്കാനാഗ്രഹിച്ചാണ് ആറുമാസം മുമ്പ് കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ ചേര്‍ന്നത്. അശ്വതി ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

അതേസമയം, കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ റാങ്കിങ് നടന്നിട്ടില്ലെന്ന് കോളജ് കോർഡിനേറ്റർ അറിയിച്ചു.