റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു

12:55 pm 22/1/2017

– പി. പി. ചെറിയാന്‍
Newsimg1_27265309
വാഷിങ്ടന്‍ : ഇന്ത്യന്‍ യുഎസ് അംബാസഡര്‍ പദവിയില്‍ നിന്നും റിച്ചാര്‍ഡ് വര്‍മ വിരമിച്ചു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജനുവരി 20 മുതല്‍ യുഎസ് ഇന്ത്യന്‍ അംബാസഡര്‍ പദവി പുതിയ അംബാസഡറെ നിയമിക്കുന്നതുവരെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മേരിക കെ.എല്‍ ഏറ്റെടുക്കും.

2015 ജനുവരിയിലാണ് ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മുന്‍പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു അംബാസിഡര്‍ പദവിയില്‍ പ്രവേശിച്ചത്. പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു റിച്ചാര്‍ഡ് വര്‍മയെ അംബാസഡറായി നിയമിച്ചത്.യുഎസ് ഇന്ത്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ വര്‍മ പറഞ്ഞു. പ്രസിഡന്റ് ഒബാമയും നരേന്ദ്ര മോദിയും ആരോഗ്യകരമായ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നതായും വര്‍മ അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ഭരണത്തിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും വര്‍മ പറഞ്ഞു. കുട്ടികളുടെ അധ്യായനവര്‍ഷം സമാപിക്കുന്നതുവരെ ഇന്ത്യയില്‍ കുടുംബസമേതം തങ്ങാനാണു പരിപാടി. രണ്ടു വര്‍ഷം തനിക്കു ലഭിച്ച പദവിയില്‍ സംതൃപ്തനാണെന്നും വര്‍മ പറഞ്ഞു.