റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്

08-58 AM 05-04-2016

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്. നിര്‍ണായക പലിശനിരക്കില്‍ കാല്‍ ശതമാനമോ അരശതമാനമോ കുറവു വരുത്തുമെന്ന പ്രതീക്ഷയോടെ ബിസിനസ് ലോകം ഇന്നത്തെ പണനയ അവലോകനം കാത്തിരിക്കുന്നത്. വിലക്കയറ്റം കുറഞ്ഞതും അമേരിക്ക ഉടനേ പലിശ കൂട്ടില്ല എന്ന നിലപാടും പലിശനിരക്ക് കുറയ്ക്കാന്‍ അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്.
ഇന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ കാല്‍ ശതമാനം കുറവ് റീപോ നിരക്കില്‍ വരുത്തുമെന്നു കമ്പോളങ്ങള്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍, അനുകൂല സാഹചര്യം ഉപയോഗിച്ച് അരശതമാനം കുറയ്ക്കുമോ എന്നാണു കമ്പോളത്തിനറിയേണ്ടത്. കഴിഞ്ഞ വര്‍ഷം നാലു തവണയായി റീപോ നിരക്ക് 1.25 ശതമാനം കുറച്ച് 6.75 ശതമാനമാക്കിയിരുന്നു. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പയെടുക്കുമ്പോള്‍ ഈടാക്കുന്ന പലിശയാണു റീപോ. വാണിജ്യബാങ്കുകള്‍ മിച്ചപണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുമ്പോള്‍ നല്കുന്ന പലിശയായ റിവേഴ്‌സ് റീപോ നിരക്ക് ഇപ്പോള്‍ 5.75 ശതമാനമാണ്.

റിസര്‍വ് ബാങ്ക് പലിശ കുറച്ചതിന് ആനുപാതികമായി വാണിജ്യബാങ്കുകള്‍ പലിശ കുറച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വായ്പാ പലിശ നിശ്ചയിക്കാന്‍ പുതിയ മാര്‍ഗരേഖ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. അതുവഴി മിക്ക ബാങ്കുകളുടെയും പുതിയ ബേസ് റേറ്റ് 0.3 മുതല്‍ ഒന്നുവരെ ശതമാനം കുറഞ്ഞു.