റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും

08:40 am 20/1/2017
images (3)

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍െറ സ്ഥിരംസമിതി യോഗത്തില്‍ ഹാജരായി ഗവര്‍ണര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

കെ.വി. തോമസ് അധ്യക്ഷനായ പി.എ.സിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. ഉര്‍ജിത് പട്ടേലിന് സഹായകമായ നിലപാടാണ് ബി.ജെ.പി അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. എന്നാല്‍, കഴിഞ്ഞ ദിവസം സഭാസമിതി യോഗത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാത്ത ഗവര്‍ണറോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അധ്യക്ഷന്‍ അടക്കമുള്ള മറ്റു അംഗങ്ങള്‍ ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രിയെയും വിളിച്ചുവരുത്താന്‍ പി.എ.സിക്ക് അധികാരമുണ്ടെന്ന കെ.വി. തോമസിന്‍െറ നിലപാടിനെതിരെ ബി.ജെ.പി അംഗങ്ങള്‍ രംഗത്തുവന്നിരിക്കെ, വെള്ളിയാഴ്ചത്തെ യോഗത്തില്‍ ഒച്ചപ്പാടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

തിരിച്ചത്തെിയ അസാധു നോട്ട് എത്ര, ബാങ്കിങ് സംവിധാനം പഴയപടിയാകാന്‍ എത്ര കാലമെടുക്കും തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ക്കൊന്നും ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നില്ല. ഗവര്‍ണറെ അംഗങ്ങള്‍ നിര്‍ത്തിപ്പൊരിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ റിസര്‍വ് ബാങ്കിന്‍െറയും ഗവര്‍ണര്‍ പദവിയുടെയും അന്തസ്സ് പരിപാലിക്കണമെന്ന ആവശ്യമുയര്‍ത്തി രംഗത്തിറങ്ങിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങായിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി വഹിച്ചയാളാണ് മന്‍മോഹന്‍. രണ്ടു പേരുടെയും നിലവാരം തമ്മിലുള്ള അന്തരം നേരിട്ടു മനസ്സിലാക്കാന്‍ സാധിച്ചുവെന്നാണ് സ്ഥിരംസമിതി അംഗമായ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞത്. റിസര്‍വ് ബാങ്കിന്‍െറ സ്വയംഭരണ സ്വാതന്ത്ര്യം കളഞ്ഞുകുളിച്ച ഉര്‍ജിത് പട്ടേല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.