07:05 am 28/4/2017
ബംഗളൂരു: ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ഏഴു വിക്കറ്റ് ജയം. ബംഗളൂരുവിന്റെ 135 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് 13.5 ഓവറിൽ മറികടന്നു. ആരോൺ ഫിഞ്ചിന്റെ (71) അർധസെഞ്ചുറിയാണ് ഗുജറാത്തിന് ഗംഭീരവിജയമൊരുക്കിയത്. ഫിഞ്ച് 34 പന്തിൽ അഞ്ച് ഫോറും ആറു സിക്സറുകളുമായി കളംവാണപ്പോൾ ഗുജറാത്തിന് അനായാസ ജയമൊരുങ്ങി. ക്യാപ്റ്റൻ സുരേഷ് റെയ്ന (34) ഫിഞ്ചിന് മികച്ച പിന്തുണ നൽകി. തുടക്കത്തിൽ ഓപ്പൺമാരായ ഇഷാൻ കിഷനെയും (16) മക്കല്ലത്തെയും (3) നഷ്ടമായെങ്കിലും ഫിഞ്ചും റെയ്നയും കളി ഗുജറാത്തിന് അനുകൂലമാക്കുകയായിരുന്നു.
നേരത്തെ ആൻഡ്രൂ ടൈയുടെ തീപ്പന്തുകൾക്കുമുന്നിൽ ചൂളിയ ബംഗളൂരു ടൂർണമെന്റിലെ തന്നെ ചെറിയ സ്കോറിൽ ഒതുങ്ങി. നാലോവറിൽ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് ടൈ ബംഗളൂരുവിനെ ചുരുട്ടിക്കെട്ടിയത്. ടോസ് നേടിയ ഗുജറാത്ത്, ബംഗളൂരുവിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
22 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ബംഗളൂരുവിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത് 31 റണ്‍സെടുത്ത കേദാർ ജാദവും 32 റണ്‍സെടുത്ത പവൻ നെഗിയുമാണ്. മലയാളിയായ ബേസിൽ തമ്പി ഒന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകൾ നേടി. മുൻനിര ബാറ്റ്സ്മാൻമാരായ വിരാട് കോഹ്ലിയും (10) ക്രിസ് ഗെയ്ലും (8) ഒരിക്കൽക്കൂടി പരാജയപ്പെട്ടു.