ലത ജോസഫിന് ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്‍ അവാര്‍ഡ്

07:34 pm 2/3/2017

Newsimg1_28382378
ഷിക്കാഗോ: ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്റെ (എ.എ.പി.ഐ.എന്‍.എ) 2017-ലെ അക്കാഡമിക് അവാര്‍ഡിനു നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ലത ജോസഫ് അര്‍ഹയായി. അമേരിക്കയില്‍ നഴ്‌സിംഗ് ഉപരിപഠനം നടത്തുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ വംശജര്‍ക്കും, ഹാവായ് ഉള്‍പ്പെടുന്ന പസഫിക് ദ്വീപ് സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്കും അംഗത്വം നല്‍കുന്ന നഴ്‌സുമാരുടെ ഔദ്യോഗിക സംഘടനയാണ് എ.എ.പി.ഐ.എന്‍.എ (ആപീനാ) എന്നറിയപ്പെടുന്ന ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്‍.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന മികവ് മുന്‍നിര്‍ത്തിയാണ് ആപീന ഈ അവാര്‍ഡ് നല്‍കുന്നത്. മാര്‍ച്ചില്‍ ഹാവായ് യൂണിവേഴ്‌സിറ്റി ഓഫ് ഹോണലുലുവില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ചു അവാര്‍ഡ് സമ്മാനിക്കും.

ചങ്ങനാശേരി സ്വദേശിയായ ലത ജോസഫ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന ചാപ്പല്‍ ഹില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. ഡോക്ടറേറ്റ് ഇന്‍ നഴ്‌സിംഗ് പ്രാക്ടീസിന്റെ (ഡി.എന്‍.പി) പഠന ഭാഗമായി പ്രമേഹ രോഗികളിലെ വിഷാദ രോഗത്തെപ്പറ്റിയാണ് ലത ഗവേഷണം നടത്തുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയുടെ ഗ്രാജ്വേറ്റ് സ്കൂള്‍ ഡോക്ടറല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ പഠനം നടത്തുന്ന ലത ദുര്‍ഹം വി.എ മെഡിക്കല്‍ സെന്ററില്‍ നഴ്‌സ് പ്രാക്ടീഷണറായി (എന്‍.പി) ഔദ്യോഗിക സേവനം നടത്തുന്നു.

നോര്‍ത്ത് കരോലിന പ്രൊഫഷണല്‍ നഴ്‌സിംഗ് രംഗത്ത് ഒരു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ ലത ഈ അടുത്തകാലത്ത് ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സിംഗ് രംഗത്തും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ നാഷണല്‍ നാഷണല്‍ സെക്രട്ടറിയാണ് ലത. ഭാവിയിലും ഇതുപോലുള്ള അംഗീകാരങ്ങള്‍ ലതയ്ക്ക് ലഭിക്കട്ടെ എന്നു ആശംസിക്കുന്നതോടൊപ്പം ഇന്ത്യന്‍ നഴ്‌സിംഗ് സമൂഹത്തിന് ഒരു പ്രചോദനമാകട്ടെ എന്നു പ്രത്യാശിക്കാം.