ന്യൂഡൽഹി: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണക്കേസിൽ തിരിച്ചടി. ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. നാല് കേസുകളിൽ പ്രത്യേകം വിചാരണ നേരിടണമെന്നും ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. കുംഭകോണ കേസുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ ലാലു വിചാരണ നേരിടമെന്ന് ആവശ്യപ്പെട്ട് സിബിഐ സർമപ്പിച്ച ഹർജിയിലാണ് കോടതി വിധി.
കാലിത്തീറ്റ കുംഭകോണക്കേസിൽ നേരത്തെ വിചാരണ കോടതി ലാലുവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുംഭകോണക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായി 61 കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാലു കേസുകളുടെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
എന്നാൽ സമാന കേസുകളിലാണ് വിചാരണ നടക്കുന്നതെന്നും അതിനാൽ ഈ കേസുകളിൽനിന്ന് ഒഴിവാക്കാണമെന്ന് ആവശ്യപ്പെട്ട് ലാലു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു കേസിൽ അഞ്ച് വർഷം തടവ് വിധിച്ചതിനാൽ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളിൽ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടന്ന ജാർഖണ്ഡ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.