ലാവലിന്‍ കേസില്‍ പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു

03:45pm 25/2/2016

download

കൊച്ചി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കേണ്ട അടിയന്തിര ആവിശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിയത്. 2000 മുതലുള്ള റിവിഷന്‍ ഹരജികള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുള്ള ഉപകരണമാക്കരുതെന്നും അതിന് നിന്ന് കൊടുക്കേണ്ട കാര്യം കോടതിക്കില്ലെന്നും ജസ്റ്റിസ് പി.ഉബൈദ് നിരീക്ഷിച്ചു.

പ്രതികളെ കുറ്റവിമുക്തരാക്കി തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സി.ബി.ഐ ഉള്‍പ്പെടെ നല്‍കിയ റിവിഷന്‍ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജികളില്‍ അടിയന്തിര തീര്‍പ്പുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി അവസാനവാരത്തേക്ക് മാറ്റിയിരുന്നു. ഈ കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാര്‍ച്ച് 17ന് ഹാജരാവുമെന്ന് സി.ബി.ഐ അറിയിച്ചു. എന്നാല്‍ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ പ്രതികളുടെ അഭിഭാഷകന്‍ എതിര്‍ത്തു. ഇന്ന് തന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് പ്രതികള്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് കേസിന്റെ അടിയന്തര സ്വഭാവം കോടതി ചോദ്യം ചെയ്തത്.