01:20 pm 23/4/2017
ഇൻഡോർ: ദേശീയ ഗാനം കേൾക്കുമ്പോൾ എണീറ്റുനിന്ന് ആദരിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീയറ്ററിൽ സിനിമയ്ക്കുമുമ്പ് തീർച്ചയായും ദേശീയ ഗാനം കേൾപ്പിക്കണമെന്നും എണീറ്റുനിൽക്കണമെന്നും ഉത്തരവുണ്ട്. എഴുന്നേറ്റുനിന്ന് ആദരിക്കാത്തവരെ ശിക്ഷിക്കാനും വകുപ്പുണ്ട്. എന്നാൽ ലാൻഡ് ചെയ്യുന്ന വിമാനത്തിൽ സീറ്റ് ബെൽറ്റ് മുറിക്കിയിരിക്കുമ്പോഴാണ് ദേശീയ ഗാനം കേൾക്കുന്നതെങ്കിലോ? പെട്ടതുതന്നെ.
ഇത്തരമൊരു അവസ്ഥ സ്പൈസ് ജെറ്റ് യാത്രക്കാർക്ക് നേരിടേണ്ടിവന്നു. കഴിഞ്ഞ 18 ാം തീയതി തിരുപ്പതിയിൽനിന്നും ഹൈദരാബാദിന് യാത്ര ചെയ്തവരാണ് ദേശീയഗാനം കേട്ട് ത്രിശങ്കുവിലായത്. വിമാനം ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം. സീറ്റ് ബെൽറ്റ് മുറുക്കാൻ പൈലറ്റ് യാത്രക്കാർക്ക് നിർദേശം നൽകിയ ശേഷമാണ് വിമാനത്തിൽ ദേശീയ ഗാനം മുഴങ്ങിയത്.
സംഭവത്തിൽ യാത്രക്കാരനായ പുനീത് തിവാരി പരാതി നൽകി. ബാങ്ക് മാനേജരായ തിവാരി സംഭവത്തിന്റെ വീഡിയോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ആയതാണെന്നാണ് സ്പൈസ് ജെറ്റ് ജീവനക്കാർ വിശദീകരിക്കുന്നത്. ജീവനക്കാരിലൊരാൾ തെറ്റായ നമ്പർ നൽകിയപ്പോൾ സ്റ്റീരിയോയിൽ ദേശീയ ഗാനം മുഴങ്ങുകയായിരുന്നു. ഉടൻതന്നെ ഇത് നിർത്തിയെന്നും സ്പൈസ് ജെറ്റ് പറയുന്നു.