ലിബിയയില്‍ ഷല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു

26-03-2016
sunu_260316
ലിബിയയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമായുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു. വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു വിപിന്‍ (29) ഏകമകന്‍ പ്രണവ് (ഒന്നരവയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരയോടെ ലിബിയയിലെ സബ്രാത്തയിലാണ് അക്രമണം ഉണ്ടായത്.
ജോലിചെയ്യുന്ന ആശുപത്രിയുടെ ഫഌറ്റിലായിരുന്നു സുനുവും മകനും. ഇവരിരുന്ന മുറിക്കുള്ളിലേക്കു ഷെല്‍ പതിക്കുകയായിരുന്നുവെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള നാലുനില ഫഌറ്റില്‍ മറ്റു രാജ്യക്കാരായ ചിലരും മരിച്ചതായാണു സുനുവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ നല്‍കിയിട്ടുള്ള വിവരം.
സുനുവും ഭര്‍ത്താവ് വിപിനും കഴിഞ്ഞ മൂന്നുവര്‍ഷമായി ലിബിയയിലാണു താമസം. 2012ല്‍ വിവാഹത്തിനുശേഷം ലിബിയിലെത്തിയ ഇവര്‍ പിന്നീട് നാട്ടിലെത്തിയിട്ടില്ല. ലിബിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തമാസം പകുതിയോടെ ജോലി അവസാനിപ്പിച്ചു നാട്ടിലെത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു വിപിനും കുടുംബവും. രേഖകളും ജോലിചെയ്ത പണവും ലഭിക്കാതെ വന്നതിനാലാണു യാത്ര നീട്ടാന്‍ ഇടയാക്കിയത്. ലിബിയയിലെ സബരീത്ത ആശുപത്രിയില്‍ നഴ്‌സാണു വിപിനും മരിച്ച സുനുവും. സുനുവിന്റേയും മകന്റേയും മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങളുടെ ഭാഗമായി ചില വഴികളടച്ചതിനാല്‍ ഇവരുടെ കുടുംബത്തെ അറിയുന്നവര്‍ക്കു നേരിട്ടെത്തി നടപടികളിലിടപെടാന്‍ തടസം നേരിടുന്നുണ്ട്.
കൊണ്ടാട് കുഴുപ്പനാല്‍ (കരോട്ട്കാരൂര്‍) സത്യന്‍ നായരുടേയും സതിയുടേയും മകളാണു സുനു. ബംഗളൂരുവില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ച സുനു വിവാഹത്തോടെയാണു ലിബിയയിലേക്കു പോയത്.