ലോകയുദ്ധം ലോകത്തെ അറിയിച്ച ക്ലെയർ ഹോളിംഗ്വർത്ത് വിടവാങ്ങി

10.17 PM 10/01/2017
Clare_Hollingworth_1001
ലണ്ടൻ: ബ്രിട്ടീഷ് യുദ്ധലേഖിക ക്ലെയർ ഹോളിംഗ്വർത്ത് അന്തരിച്ചു. 105–ാം വയസിൽ ഹോങ്കോംഗിലായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വാർത്ത പുറത്തുവിട്ടത് ക്ലെയറായിരുന്നു.

1939 ഓഗസ്റ്റിൽ പോളണ്ടിനെ ജർമനി ആക്രമിച്ചതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമായത്. ഈ വാർത്തയാണ് ഡെയ്ലി ടെലഗ്രാഫ് പത്രത്തിലൂടെ ക്ലെയർ പുറത്തുവിട്ടത്. പോളണ്ടിൽനിന്നു ജർമനിയിലേക്കു യാത്ര ചെയ്യുന്നതിനിടെ വിവരമറിഞ്ഞ ക്ലെയർ പത്രത്തിലൂടെ വാർത്ത പുറംലോകത്തെ അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം നാസികളുടെ അധിവേശത്തെ സംബന്ധിച്ചും ക്ലെയർ വാർത്ത നൽകി. 1946ൽ ജറുസലേമിൽ കിംഗ് ഡേവിഡ് ഹോട്ടലിനുനേർക്കുണ്ടായ ബോംബ് ആക്രമണത്തിൽനിന്നു ക്ലെയർ തലനാരിഴയ്ക്കു രക്ഷപ്പെട്ടിരുന്നു.

1911ൽ ലെസ്റ്ററിലായിരുന്നു ക്ലെയറിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധ റിപ്പോർട്ടിംഗിനു ശേഷം വിയറ്റ്നാം, അൾജീരിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിലും ക്ലെയർ യുദ്ധകാല റിപ്പോർട്ടിംഗ് നടത്തിയിരുന്നു. മികച്ച വാർത്തകളുടെ പേരിൽ അവർക്കു നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ക്ലെയർ ഹോളിംഗ്വർത്ത് 105–ാം ജന്മദിനം ആഘോഷിച്ചത്.