ലോക്കപ്പ് മരണം: യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

02.27 AM 07-09-2016
image_760x400 (1)
തിരുവനന്തപുരം: പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.കസ്റ്റഡി മരണത്തെ കുറിച്ച് പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തും.സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
2014 മെയ് 19ന് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിന് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്നും ശരീരം മുഴുവന്‍ ക്ഷതം ഏറ്റതായും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.പൊലീസ് സ്റ്റേഷനില്‍ വെച്ച് ശ്രീജിവ് വിഷം കഴിച്ചതാണ് മരണകാരണമെന്ന പൊലീസിന്റെ വാദം അതോറിറ്റി തള്ളി.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കണമെന്നുമായിരുന്നു അതോറിറ്റിയുടെ ഉത്തരവ്. ഇതുകൂടാതെ ശ്രീജിവിന്റെ അമ്മയ്ക്ക് 10 ലക്ഷം നല്‍കണം.ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.അതോറിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് അന്വേഷണം.