ലോസ്ആഞ്ചലസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

10:41am 31/7/2016
Newsimg1_53957370
ലോസ്ആഞ്ചലസ്: സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 22-നു കൊടിയേറ്റ് നടത്തി ആചരിച്ചുവരുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ എട്ടാം ദിവസമായ ജൂലൈ 29-ാം തീയതി നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് എസ്.വി.ഡി സന്യാസ സമൂഹത്തിന്റെ അമേരിക്കന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പഴയ നിമയകാലഘട്ടത്തില്‍ പാലിച്ചുപോന്ന 639 നിയമങ്ങളുടെ കാവല്‍ക്കാരും വിഖ്യാതാക്കളും ആയിരുന്ന നിയമഞ്ജരില്‍ ഒരുവന്‍ യേശുവിനെ പരീക്ഷിക്കുവാനായി അവിടുത്തെ സമീപിച്ചു സുപ്രധാന കല്‍പ്പന ഏതെന്ന് അന്വേഷിച്ചപ്പോള്‍ അവിടുന്ന് നല്‍കുന്ന മറുപടി വചനസന്ദേശവേളയില്‍ അച്ചന്‍ ഹൃദയസ്പര്‍ശിയായി വ്യാഖ്യാനിച്ചു.

ദൈവത്തേയും സഹോദരനേയും സ്‌നേഹിക്കുവാന്‍ ഒരുവന് സാധിക്കണമെങ്കില്‍ അവന് തന്നെത്തന്നെ സ്‌നേഹിക്കാന്‍ സാധിക്കണമെന്ന് അച്ചന്‍ വെളിപ്പെടുത്തി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിക്കുന്ന നാം ആ വിശുദ്ധയെപ്പോലെ അപരനുവേണ്ടി സ്വയം ത്യജിക്കുന്ന അഗാപ്പെ സ്‌നേഹത്തിലേക്ക് വളരുവാന്‍ അനുദിനം പരിശ്രമിക്കണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

ദിവ്യബലിക്കും വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയ്ക്കുംശേഷം ബഹു പ്രൊവിന്‍ഷ്യാല്‍ ഫാ. സോണിയും, ഇടവക വികാരി ബഹു. ഫാ. കുര്യാക്കോസ് വാടാനയും ചേര്‍ന്നു യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.

നവനാള്‍ നൊവേനയുടെ സമാപന ദിനമായ 30-നു വൈകുന്നേരം 5 മണിക്ക് അര്‍പ്പിക്കുന്ന ആഘോഷമായ സമൂഹബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നത് റവ.ഫാ. ബാബു പോള്‍ കുരിശിങ്കലും, വചനസന്ദേശം നല്‍കുന്നത് റവ.ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിക്കലും ആയിരിക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം വൈകിട്ട് 7.30-നു സംഗീത നൃത്ത അഭിനയ പ്രധാനമായ ആത്മീയ കലാപരിപാടികളും ഉണ്ടായിരിക്കും.

കാലിഫോര്‍ണിയയിലെ ഭരണങ്ങാനം ആയി അറിയപ്പെടുന്ന ഈ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സംബന്ധിക്കുവാന്‍ അമേരിക്കയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നു കടന്നുവരുന്ന വിശ്വാസികളെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്ത് കാത്തിരിക്കുകയാണ് ഇടവക വികാരിയോടൊപ്പം ഇടവക ജനം മുഴുവനും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 31-നു ഞായറാഴ്ച ലോസ്ആഞ്ചലസ് അതിരൂപതയിലെ സാന്‍ഫെര്‍ണാണ്ടോ റീജണല്‍ ബിഷപ്പ് റൈറ്റ് റവ ജോസഫ് ബ്രണ്ണന്‍ തിരുകര്‍മ്മങ്ങള്‍ക്ക് അധ്യക്ഷം വഹിക്കുന്നതാണ്. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണെന്ന് വികാരി ഫാ. കുര്യാക്കോസ് വാടാന അറിയിച്ചു. ജെനി ജോയി അറിയിച്ചതാണിത്.