സമരം എന്തിനെന്ന് എസ്.എഫ്.ഐക്ക് അറിയില്ല -കെ. മുരളീധരൻ

11:42 AM 27/01/2017
download (1)
കൊല്ലം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിൽ എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. സമരം എന്തിനാണെന്ന് എസ്.എഫ്.ഐക്ക് പോലും അറിയില്ല. ഇന്‍റേണൽ മാർക്ക് വിഷയത്തിൽ ആദ്യം സമരം തുടങ്ങിയത് കെ.എസ്.യു ആണെന്നും മുരളീധരൻ പറഞ്ഞു.

എ.കെ.ജി സെന്‍ററിലെ അറ്റൻഡറെയും പ്യൂണിനെയും വിരട്ടുന്നതു പോലെയാണ് ഐ.എ.എസുകാരെ വിരട്ടി ചൊൽപ്പടിക്ക് നിർത്താമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, ഹിറ്റ്ലർ പോയ വഴിയിൽ പുല്ലു മുളച്ചിട്ടില്ലെന്ന ലോക ചരിത്രം അവർമനസിലാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി ലോ അക്കാദമിയിൽ ആദ്യം സമരം തുടങ്ങിയത് കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു ആയിരുന്നു. പിന്നീട് എ.ബി.വി.പിയും എസ്.എഫ്.ഐയും സമരം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, പ്രിന്‍സിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് ലോ അക്കാദമിയിലെ വിദ്യാര്‍ഥികൾ നടത്തുന്ന സമരം 17-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് നിയോഗിച്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദലിത് പീഡനം, ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ വിവേചനം തുടങ്ങിയ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ.