വംശീയ അധിക്ഷേപം നടത്തിയ ദമ്പതികള്‍ക്ക് 19 വര്‍ഷം തടവ്

8:55 pm 01/3/2017

പി. പി. ചെറിയാന്‍
Newsimg1_98656100
അറ്റ്‌ലാന്റാ: എട്ടു വയസ്സുകാരിയുടെ ജന്മദിനാഘോഷ ചടങ്ങുകള്‍ക്കിടയില്‍ അവിടെ കൂടിയിരുന്നവരേയും എട്ട് വയസ്സുകാരിയേയും വംശീയമായി അധിക്ഷേപിച്ച റ്റോറീസ്, നോര്‍ട്ടന്‍ ദമ്പതികളെ ഡഗ്‌ലസ് കൗണ്ടി കോര്‍ട്ട് ജഡ്ജി വില്യം മെക് ലൈന്‍ 19 വര്‍ഷം തടവിനു ശിഷിച്ചു.

2015 ജൂലൈ 15 നായിരുന്നു സംഭവം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായിരുന്നു പെണ്‍കുട്ടിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നത്. ഇതിനിടയില്‍ പതിനഞ്ചോളം പേര്‍ രണ്ട് ട്രക്കുകളിലായി ഈ വീടിനു മുമ്പിലൂടെ കടന്നുപോകുകയും വാഹനം പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍മാര്‍ ഇറങ്ങി വന്നു തോക്കു ചൂണ്ടി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയും വംശീയമായി അധിഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.

സംഭവത്തില്‍ ഇരുവരേയും അറസ്റ്റ് ചെയ്തതിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജാതി സ്പര്‍ദ വളര്‍ത്തുന്ന നിരവധി പോസ്റ്ററുകള്‍ ഇവരുടെ ഫേസ് ബുക്കില്‍ കണ്ടെത്തി. നോര്‍ട്ടന്‍ തന്റെ പ്രവര്‍ത്തിയില്‍ പശ്ചാതാപം പ്രകടിപ്പിച്ചുവെങ്കിലും ഇരുവരേയും ഫെബ്രുവരി ആറിന് ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഫ്‌ലാഗ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന വൈറ്റ് സുപ്രിമസിസ്റ്റുകളാണ് ഇതിനു പുറകിലെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പറഞ്ഞു. ഇവരുടെ ടീമിലുണ്ടായിരുന്ന 15 പേര്‍ക്ക് കോടതി ചെറിയ ശിക്ഷകളാണ് നല്‍കിയത്.

പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഹൈഷ ബ്രയനന്റ് അന്ന് നടന്ന സംഭവം തന്റേയും പെണ്‍കുട്ടിയുടേയും ജീവിതത്തിന്റെ സാരമായി ബാധിച്ചതായി പറഞ്ഞു.