വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നു .

09:42 am 25/2/2017
download (6)

റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാനും സ്വദേശി യുവാക്കളുടെയും യുവതികളുടെയും തൊഴിലില്ലായ്മ നിരക്ക് കറുച്ചുകൊണ്ടുവരാനും ഊര്‍ജ്ജിത പരിപാടി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു. വിദേശി ജോലിക്കാരെ ആശ്രയിക്കുന്നതിന് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നത്.
സൗദി വിഷന്‍ 2030 ന്‍െറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്‍െറയും ഭാഗമായി നടപ്പാക്കുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിലൂടെയാണ് ലക്ഷ്യം നേടുക എന്നും തൊഴില്‍ മന്ത്രി പറഞ്ഞു. സൗദി ചേംബര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച തൊഴില്‍ വിപണി സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിച്ചുകൊണ്ട് ലക്ഷ്യം നേടണമെന്നാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്വദേശി യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനം, സ്വദേശികളെ റിക്രൂട്ട് ചെയ്യാനുള്ള വെബ് പോര്‍ട്ടല്‍ എന്നിവ ഇതിന് ഉപകരിക്കും.
യുവാക്കളുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച ലക്ഷ്യമാക്കി ആരംഭിക്കുന്ന പദ്ധതി വിവിധ മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാണ് നടപ്പാക്കുക. ഏതാനും തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, പ്രത്യേക മേഖലകളിലെ ചില ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.