വസന്തത്തിന്റെ ചാരുതയുമായി ഫ്‌ളവേഴ്‌സ് ടിവി അമേരിക്കയില്‍, ഫ്‌ളോറിഡ ടീം മാനേജരായി സജി കരിമ്പന്നൂര്‍ ചാര്‍ജെടുത്തു

07:01 am 9/3/2017

Newsimg1_61266329
ചിക്കാഗോ: വര്‍ത്തമാനലോകത്തെ തൊട്ടറിഞ്ഞ് മുഖ്യധാരയോട് ചേര്‍ന്ന് നിന്ന്, ദൃശ്യമാധ്യമ രംഗത്ത് വസന്തത്തിന്റെ ചാരുത തീര്‍ത്ത ഫ്‌ളവേഴ്‌സ് ടിവിയുടെ ഫ്‌ളോറിഡ റീജിയന്‍ മാനേജരായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ സജി കരിമ്പന്നൂരിനെ നിയമിച്ചതായി ഫ്‌ളവേഴ്‌സ് ടിവി അമേരിക്കന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിജു സഖറിയ അറിയിച്ചു.

നിഷ്പക്ഷമായി വാര്‍ത്തകളും, വിനോദ പരിപാടികളും ജനഹൃദയങ്ങളിലേക്ക് എത്തിച്ച്, സാങ്കേതികവിദ്യയും ശാസ്ത്രവും സമന്വയിപ്പിച്ച്, സജീവമായ വിദൂരസാന്നിധ്യം ഇതിനോടകം ഫ്‌ളവേഴ്‌സ് ചാനല്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.

വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി, വെല്ലുവിളികള്‍ കരുത്താക്കി ഫ്‌ളവേഴ്‌സ് ചാനല്‍ റേറ്റിംഗില്‍ മുമ്പന്തിയിലേക്ക് കുതിച്ചുയരുകയാണ്. സുതാര്യമായ അനവധി ബോധധാരണകളും, ദര്‍ശനങ്ങളുംകൊണ്ട് നിബിഡമാണ് ടിവി പ്രോഗ്രാമുകള്‍.

മുഖ്യധാരാ സംസ്കാരത്തിന്റെ അടിയൊഴുക്കില്‍ നിന്നും അകന്നുപോകാതെ അതിനെ പുനര്‍സൃഷ്ടിച്ചുകൊണ്ട് ഭൂപടത്തിലെ എല്ലാ രാജ്യങ്ങളേയും തമ്മില്‍ സംവേദിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായരുടെ മാധ്യമശൈലി ഇതിനു കരുത്തേകുന്നു.

സമൂഹത്തിന്റെ സംസ്കരണത്തിനുള്ള വേദികൂടിയാകണം ദൃശ്യമാധ്യമങ്ങള്‍. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ തലങ്ങളേയും സ്പര്‍ശിച്ചുകൊണ്ടുള്ള ജൈത്രയാണ് ചാനല്‍ പിന്തുടരുന്നത്.

ധര്‍മ്മത്തിനുവേണ്ടി എല്ലായ്‌പ്പോഴും നിലകൊള്ളുക, അതിനു മൂല്യങ്ങളുടെ സനാതനമായ പരിവേഷവും, സംതുലിതാവസ്ഥയും നല്കുക, ഈവക ദൃശ്യങ്ങളാവണം -കുഴല്‍ക്കണ്ണാടിയുടെ ചിമിഴിലൊതുക്കി ലോകത്തിന് സമര്‍പ്പിക്കേണ്ടത്. ഫ്‌ളവേഴ്‌സ് ടിവിയുടെ ചാലകശക്തിയുടെ ഉറവിടവും ഇവിടെയൊക്കെ തന്നെയാണ്.

കൂടാതെ വര്‍ത്തമാന ചരിത്രത്തിന്റെ ഇടനാഴിയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവാസി പരിപാടികളുടെ സംപ്രേഷണങ്ങള്‍, സ്വര്‍ഗ്ഗീയ ആരാധനയുടെ ലൈവുകള്‍, ഒഴുകിപ്പരക്കുന്ന പാരമ്പര്യ സമൃദ്ധമായ നമ്മുടെ നൂപുരധ്വനികളുടെ പ്രക്ഷേപണങ്ങള്‍, ഭാഷയുടെ തലച്ചോറായ സാഹിത്യത്തിന്റേയും, പ്രവാസി സാഹിത്യകാരന്മാരുടേയും അവതരണങ്ങള്‍, ആവിഷ്കാരങ്ങള്‍ തുടങ്ങിയ പ്രേക്ഷകര്‍ക്ക് അഭിമാനവും ആഹ്ലാദവും പകര്‍ന്നുനല്‍കുന്ന പരിപാടികള്‍ ആയിരിക്കും. ഈ വസന്തോത്സവത്തെ നമുക്കും വരവേല്‍ക്കാം.

സാമൂഹ്യ-സാംസ്കാരിക, ആതുരശുശ്രൂഷാ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രശസ്തരായ താഴെപ്പറയുന്നവരാണ് ഫ്‌ളോറിഡയിലെ ഇതിന്റെ മറ്റ് അമരക്കാരായി പ്രവര്‍ത്തിക്കുന്നത്.

ഡെന്നി ഊരാളില്‍, ഷാജി ജോസഫ്, ഫാ. ടോംസണ്‍ ചാക്കോ കല്ലുപാലത്തിങ്കല്‍, ഡോ. രവീന്ദ്രനാഥന്‍, ജയ്‌മോള്‍ തോമസ്, നന്ദകുമാര്‍ ചിക്കങ്കല്‍, റെയ്‌സ് ഉഴുന്നാന്‍, ബാബു തോമസ്, പ്രസന്നകുമാര്‍ മുരുത്വാപ്പറമ്പില്‍, ബിനു ചെറിയാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി കരിമ്പന്നൂര്‍ (ഫോണ്‍: 813 263 6302) ഇമെയില്‍: sajik@live.com