വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

10:27 am 27/10/2016
download (2)
തിരുവനന്തപുരം: അഴിമതിവിരുദ്ധ പോരാട്ടം കാര്യക്ഷമമാക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കുക തുടങ്ങി വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായി.

ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലേക്ക് വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഡി. ബാബുവിനേയും വിളിച്ചുവരുത്തി. വിജിലന്‍സ് ആവശ്യപ്പെടുന്ന കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ജേക്കബ് തോമസ് പ്രധാനമായും ഉന്നയിച്ചത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പല കേസുകളും മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിന്‍േറതടക്കമുള്ള കേസുകള്‍ എടുത്തുപറഞ്ഞായിരുന്നു ജേക്കബ് തോമസ് വിഷയം അവതരിപ്പിച്ചത്. ഇവ പരിശോധിച്ച് എത്രയുംവേഗം തീര്‍പ്പുകല്‍പിക്കാമെന്ന് നളിനി നെറ്റോ ഉറപ്പുനല്‍കി. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് വിജിലന്‍സിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്നും ഈ കുറവ് പരിഹരിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

വിജിലന്‍സിലേക്ക് അയക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ക്ളിയറന്‍സ് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വിജിലന്‍സിലേക്ക് നിയമിച്ച സി.ഐമാരില്‍ പലരും അഴിമതിക്കാരായിരുന്നു. ഇവരെ ഡയറക്ടര്‍ മടക്കിഅയച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് മേധാവിയോട് നിലപാട് വ്യക്തമാക്കാന്‍ നളിനി നെറ്റോ ആവശ്യപ്പെട്ടു.