വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്തുനല്‍കി

10.16 PM 18-10-2016
jacob-thomas-IPS
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. കത്ത് ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതിനു കത്തു നല്‍കിയത്.
രണ്ടു ദിവസമായി ജേക്കബ് തോമസിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു നല്‍കി തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നുവെന്നും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍തന്നെ തനിക്കെതിരെ അഴിമതിക്കഥകള്‍ മെനയാന്‍ േവണ്ടി ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും ഇതു മനോവേദനയുണ്ടാക്കുന്നുവെന്നും കത്തിലുള്ളതായി സൂചനയുണ്ട്. രാഷ്ട്രീയക്കാര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവരും തനിക്ക് എതിരാകുന്നു. ഈ സ്ഥാനത്തു തുടരാന്‍ ഇക്കാരണങ്ങള്‍ക്കൊണ്ടു വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്നും ധാര്‍മികതയുടെ പേരിലാണ് സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിയമസഭയില്‍ പ്രതിപക്ഷവും ‘തത്ത’ പരാമര്‍ശത്തോടെ ജേക്കബ് തോമസിനെതിരെ രംഗത്തുവന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലടക്കം അദ്ദേഹം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു തുടങ്ങിയതോടെ അദ്ദേഹത്തിനെതിരെ ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദത്തിലും ശക്തമായ നിലപാട് എടുത്തതോടെ ഭരണപക്ഷത്തുനിന്നും അദ്ദേഹത്തിനെതിരെ മുറുമുറുപ്പുയര്‍ന്നിരുന്നു.
ജേക്കബ് തോമസ് 2009-13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.