വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കൊച്ചിയില്‍ ആരംഭിച്ചു

12.06 AM 25-07-2016
nursing-recruitment

വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കറൂട്ട്‌സിന്റെയും വിജിലന്‍സിന്റെയും മേല്‍നോട്ടത്തില്‍ ഞായറാഴ്ച്ച കൊച്ചിയില്‍ നടന്നു. അഭിമുഖവും പരീക്ഷയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും നോര്‍ക്കയുടെയും നിരീക്ഷണത്തില്‍ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നത്. വിദേശത്തേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റില്‍ സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പുകളും ലക്ഷങ്ങള്‍ കോഴ വാങ്ങിയും ആളുകളെ ചൂഷണം ചെയ്യുകയും അട്ടിമറി നടക്കുകയും ചെയ്തതോടെ 2015 ഏപ്രില്‍ മുതല്‍ ഗള്‍ഫിലേക്കുള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ്ങ് നിയമനംസ്വകാര്യ ഏജന്‍സികളെ മൊത്തം നിരോധിക്കുകയും പകരം നോര്‍ക്ക ഉള്‍പ്പെടെയുള്ള നാല് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.പുതിയതായി ചുമതലയേറ്റ നോര്‍ക്ക റൂട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ ) വി ഭൂഷണ്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് നടപടിക്രമങ്ങള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാക്കാനുള്ള തീരുമാനമുണ്ടായത്. സൗദി അറേബ്യയിലെ അല്‍ കൊബാറില്‍ അല്‍മന ജനറല്‍ ആശുപത്രിയിലേക്ക് 25 സീറ്റിലേക്ക് നിയമന നടപടികളാണ് ഇന്നലെ നടന്നത്. 89 പേര്‍ ഇന്നലത്തെ നിയമ നടപടികള്‍ക്കായി എത്തിയിരുന്നു. ആശുപത്രിയുടെ റിക്രൂട്ട്‌മെന്റ് ഓഫീസറായ ഫൈസന്‍ അതര്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായി കൊച്ചിയിലെത്തിയിരുന്നു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച റിക്രൂട്ട്‌മെന്റ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്.