വിമാനത്താവളത്തില്‍ തടഞ്ഞു വയ്ക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി

12:33 pm. 2/1/2017
– പി.പി. ചെറിയാന്‍
unnamed

ചിക്കാഗോ: യുഎസ് പ്രസിഡന്റ് ട്രംപ് ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ട് പുറപ്പെടുവിപ്പിച്ച ഉത്തരവിനുശേഷം ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെയ്ക്കപ്പെട്ട യാത്രികര്‍ക്ക് സഹായ ഹസ്തവുമായി യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാകൃഷ്ണമൂര്‍ത്തി ഓടിയെത്തിയത് പലരുടേയും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായി.

തടഞ്ഞുവെയ്ക്കപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷ്ണമൂര്‍ത്തി വിമാനതാവളത്തില്‍ എത്തിചേര്‍ന്നതെന്ന് പ്രസ് സെക്രട്ടറി വില്‍സണ്‍ ബാള്‍ഡ് വിന്‍ പറഞ്ഞു. പതിനെട്ട് പേരാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിമാനതാവളത്തില്‍ കുടുങ്ങിയത്. കൊച്ചു മകനെ ഇറാനിലെ മാതാപിതാക്കളെ കാണിക്കുന്നതിന് പോയശേഷം തിരിച്ചെത്തിയ ഇറാന്‍ വംശജരായ മാതാപിതാക്കളെ കൃഷ്ണമൂര്‍ത്തി ഇടപ്പെട്ടതിനാല്‍ വിട്ടയച്ചു. കുട്ടിയുടെ മാതാവിന് അമേരിക്കന്‍ പൗരത്വം ഉണ്ടായിരുന്നുവെങ്കിലും അഞ്ചു മണിക്കൂറാണ് ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതെന്ന് വില്‍സണ്‍ പറഞ്ഞു.

മറ്റു പതിനെട്ടുപേരേയും വിട്ടയ്ക്കുന്നതിന് കൃഷ്ണമൂര്‍ത്തിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ട്രംപിന്റെ ഉത്തരവിന് അധികം ആയുസുണ്ടാകില്ലെന്ന് ഇല്ലിനോയിസില്‍ നിന്നും ഡമോക്രാറ്റിക് പ്രതിനിധിയായി യുഎസ് കോണ്‍ഗ്രസില്‍ എത്തിയ കൃഷ്ണമൂര്‍ത്തിയുടെ പ്രസ്താവനയില്‍ പറയുന്നു