വിമാനത്തിന്‍െറ തിരോധാനം; തിരച്ചില്‍ തുടരുമ്പോള്‍ ആശങ്ക മാത്രം ബാക്കി

11:44am 26/07/2016
images (3)
കോഴിക്കോട്: ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ളെയറിലേക്ക് പുറപ്പെട്ട വിമാനം കാണാതായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കഴിയുന്തോറും കാണാതായവരെക്കുറിച്ച് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആശങ്കയേറുകയാണ്. 29 പേരുമായി പുറപ്പെട്ട എ.എന്‍32 വിമാനം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.30ന് താംബരം വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 16 മിനിറ്റുനുള്ളില്‍ റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

മോശം കാലാവസ്ഥയത്തെുടര്‍ന്നാണ് തിരോധാനമെന്ന് പറയുന്നുണ്ടെങ്കിലും ലോകത്തെ ഒരു കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും അപകടം നടന്നതായി പറയുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ മോശം കാലാവസ്ഥ രൂപപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ളെന്ന് സെര്‍ച്ച് ആന്‍ഡ് റസ്ക്യൂ വിഭാഗത്തിലെ ക്യാപ്റ്റന്മാര്‍ സൂചിപ്പിക്കുന്നു. നേരത്തേ മൂന്ന് സാങ്കേതിക തകരാറുകള്‍ കണ്ടിരുന്ന ഈ വിമാനത്തിന്‍െറ അവസാന റിപ്പോര്‍ട്ടില്‍ ‘റീഫിറ്റ്’ ചെയ്യാന്‍ നിര്‍ദേശമുണ്ടായിരുന്നുവത്രെ. എന്നാല്‍, ഓവര്‍റോള്‍ ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ലത്രെ. ‘ഓള്‍ വെതര്‍ എയര്‍ക്രാഫ്റ്റ്’ വിഭാഗത്തില്‍പെട്ട എ.എന്‍32ന് ഏത് മോശപ്പെട്ട കാലാവസ്ഥയിലും പറക്കാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥ മോശമായാല്‍ വിമാനത്തിലെ റഡാറില്‍ അത് വ്യക്തമാക്കാനും തുടര്‍ന്ന് ദിശമാറ്റി സഞ്ചരിക്കാനും ഈ ‘ടഫ് എയര്‍ക്രാഫ്റ്റി’ന് കഴിയുമത്രെ.

ചെന്നൈയില്‍നിന്ന് 200 നോട്ടിക്കല്‍ മൈല്‍ കിഴക്ക് 23,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കേ റാപ്പിഡ് ഡ്രോപ്പ് (മുന്നോട്ടു പറക്കേണ്ട വിമാനം പൊടുന്നനെ താഴോട്ട് പതിക്കല്‍) സംഭവിച്ചതായാണ് ഫൈ്ളറ്റ് ട്രാക്കില്‍ അവസാനമായി രേഖപ്പെടുത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. തന്മൂലമാണത്രെ വിമാനം അപകടത്തില്‍ പെടുന്നതായ ‘മെയ്ഡെ’ സൂചന പോലും പൈലറ്റിന് നല്‍കാന്‍ കഴിയാഞ്ഞത്. കണ്‍ട്രോള്‍ സ്റ്റേഷനില്‍നിന്ന് ലഭിച്ച അവസാന റഡാര്‍ സിഗ്നലില്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് അറിയുന്നത്. വിമാനം കാണാതായ സ്ഥലത്ത് പ്രാദേശിക മൂടല്‍ മഞ്ഞ് ഉള്ളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എ.എന്‍32 പോലെയുള്ള വിമാനത്തിന് ഒരു തരത്തിലും ഭീഷണിയല്ളെന്നും യന്ത്രത്തകരാറാണ് വിമാനത്തിന്‍െറ തിരോധാനത്തിന് കാരണമെന്നും ക്യാപ്റ്റന്മാര്‍ സൂചിപ്പിക്കുന്നു.

23,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം കടലില്‍ പതിക്കുന്നതിന്‍െറ ആഘാതം (സ്ലാമറിങ് ഇഫക്ട്) കൊണ്ടുമാത്രം തന്നെ വിമാനം ഛിന്നഭിന്നമാകുമത്രെ. ഇത് അപകടത്തില്‍ പെടുന്നവരുടെ സ്ഥിതി ഏറെ ആശങ്കയുണര്‍ത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ജലത്തിന്‍െറ തണുപ്പ് ഇപ്പോള്‍ പകല്‍ സമയത്ത് 20-23 ഡിഗ്രിയും രാത്രിയില്‍ 17-20 ഡിഗ്രിയില്‍ താഴെയുമാണ്. അതുകൊണ്ടുതന്നെ അപകടത്തില്‍പെട്ടവര്‍ ശരീരത്തിന്‍െറചൂട് കുറയുന്ന അവസ്ഥയെ (ഹൈപോതെറമിയ ഇഫ്ക്ട്) മറികടക്കേണ്ടതുമുണ്ട്. ഇത്രയും കുറഞ്ഞതാപനിലയില്‍ കഴിയേണ്ടിവരുകയും ഭക്ഷണം പോലും കഴിക്കാത്ത അവസ്ഥയും ഏറെ സങ്കീര്‍ണമാണെന്ന് ക്യാപ്റ്റന്മാര്‍ പറയുന്നു. അതേസമയം, കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കടല്‍പ്പരപ്പിലെ അന്വേഷണം പരാജയമായാല്‍ മുങ്ങിക്കപ്പലിന്‍െറ സഹായത്തോടെ കടലിന്‍െറ അടിഭാഗത്ത് തിരച്ചില്‍ തുടരും.

കാണാതായവരുടെ വീട് മന്ത്രി സന്ദര്‍ശിച്ചു

ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന കക്കോടി കോട്ടൂപ്പാടം സ്വദേശി ഐ.പി. വിമലിന്‍െറ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ എത്തി. തിരച്ചില്‍ സംബന്ധിച്ച പുരോഗതികളറിയാന്‍ സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വേണ്ടതെല്ലാം ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ വിഭാഗം കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും തിരച്ചില്‍ നടക്കുന്നതായി അറിയിച്ചെന്നും വിമലിന്‍െറ സഹോദരന്‍ വിപിന്‍ മന്ത്രിയെ അറിയിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനായി നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് കോട്ടൂപ്പാടത്തെ വീട്ടിലത്തെുന്നത്. സി.പി.എം ഏരിയ സെക്രട്ടറി എന്‍. രാജേഷ്, വി. മുകുന്ദന്‍, പി.എം. ധര്‍മരാജ്, മാമ്പറ്റ കരുണന്‍, വി.കെ. രാമദാസ്, കള്ളിക്കാട് വിശ്വനാഥന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയും വീട്ടിലത്തെി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.