വിശ്വാസത്തേരിലേറി ബൊമ്മക്കൊലു

12.12 AM 11-10-2016
hqdefault
വിശ്വാസത്തിന്റേയും നന്മയുടെയും പുണ്യദര്‍ശനമായി ഒരുക്കിയ ബൊമ്മക്കൊലു പൂജയ്ക്ക് ചൊവ്വാഴ്ച സമാപനമാകും. തമിഴ് ബ്രാഹ്മണകുടുംബങ്ങളിലും സംസ്ഥാനത്തെ ചില ബ്രാഹ്മണസമൂഹങ്ങളിലുമാണ് നവരാത്രിയോടനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കിയത്.
മഹിഷാസുരനെ വധിക്കാന്‍ ദേവിക്ക്, പ്രപഞ്ചത്തിലെ സകലചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവന്‍ നല്‍കി പ്രതിമകള്‍പോലെ നിന്നുവെന്നതാണ് ഈ ആചാരത്തിനു പിന്നിലെ ഐതിഹ്യം.
പൂജാമുറിയില്‍ വിവിധ തട്ടുകള്‍ നിര്‍മ്മിച്ച് അതില്‍ കോലം വരയ്ക്കുന്നതാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന്റെ ആദ്യപടി. പിന്നീട് ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ആവാഹിച്ച നിറംകുഭം വയ്ക്കും. തുടര്‍ന്ന് മറ്റു രൂപങ്ങളും വിളക്കും ഒരുക്കും. ദേവീപ്രതിമകള്‍ക്കൊപ്പം ഗണപതിക്കും ബൊമ്മക്കൊലുവില്‍ പ്രാധാന്യം ഏറെയാണ്. മറ്റു അനവധി ചരാചരങ്ങളുടെ പ്രതിമകളും പൂജാമുറിയില്‍ ഒമ്പത് തട്ടുകളിലായി ഒരുക്കും.
ബൊമ്മക്കൊലുവിന് സ്ത്രീകള്‍ക്കാണ് പ്രാധാന്യം. മഠങ്ങളിലെ മുതിര്‍ന്ന സ്ത്രീകളാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. ബൊമ്മക്കൊലു ദര്‍ശനത്തിനെത്തുന്ന സുമംഗലിമാര്‍ക്കും കന്യകമാര്‍ക്കും താംബൂലം, വസ്ത്രം, കുങ്കുമം, ദക്ഷിണ ചൂണ്ടല്‍ നിവേദ്യം എന്നിവ നല്‍കും.
എല്ലാ ദിവസവും പത്യേകപൂജകളുണ്ട്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗയ്ക്കും തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ ലക്ഷ്മിക്കും അവസാന മൂന്ന് ദിവസങ്ങളില്‍ സരസ്വതീദേവിക്കുമാണ് പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നത്.
ആദ്യദിവസം ഉണക്കലരിയാണ് നിവേദിക്കുന്നത്. ഓരോ ദിവസവും ഓരോ പലഹാരമാണ് നിവേദിക്കുക.ബൊമ്മക്കൊലുവിന് സമീപത്ത് പുസ്തകപൂജയും നടത്തും. ദിവസവും ലളിതസഹസ്രനാമവും ദേവി സ്‌തോത്രപാരായണവും ഉണ്ടാകും.
ദുര്‍ഗാഷ്ടമി മുതലുള്ള ദിവസങ്ങളില്‍ മൂന്ന് നേരമാണ് പൂജകള്‍. മറ്റു ദിവസങ്ങളില്‍ രണ്ടുനേരവും. വിജദശമി ദിവസം പാനകസമര്‍പ്പണത്തോടെയാണ് പൂജാസമാപനം.