വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ നാടുകടത്തുന്നു

07:38 pm 28/4/2017

– പി.പി. ചെറിയാന്‍


ടെക്‌സാസ് : ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ തട്ടിപ്പ് നടത്തിയ ടെക്‌സസിലെ മുന്‍ അധ്യാപകന്‍ ജോര്‍ജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും പിഴയായി 53,000 ഡോളര്‍ ഈടാക്കുന്നതിനും കോടതി വിധിച്ചു.

ടെക്‌സസിലെ ഫോര്‍ട്ട് സ്റ്റോക്റ്റണ്‍ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു അമ്പത്തിഒന്നുകാരനായ ജോര്‍ജ്. ഹൈദരാബാദിലെ പത്രങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട് എന്ന് പരസ്യം നല്‍കി അവരില്‍ നിന്നും വലിയ തുകകള്‍ ഫീസായി വാങ്ങുകയും അമേരിക്കയിലേക്ക് വരുവാന്‍ അവസരം ലഭിച്ചവരില്‍ നിന്നും ശമ്പളത്തിന്റെ 15 ശതമാനം നിര്‍ബന്ധമായി വാങ്ങുകയും ചെയ്തതിനാണ് അധ്യാപകനെതിരെ കേസെടുത്തിരുന്നത്.

സമറിറ്റണ്‍ എഡ്യുക്കേഷണല്‍ സര്‍വ്വീസസ് എന്ന കമ്പനി രൂപീകരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. 2012 ഡിസംബര്‍ മുതല്‍ 2016 മെയ് വരെയാണ് അധ്യാപകന്‍ തുടര്‍ച്ചയായി തട്ടിപ്പു നടത്തിയത്. ജനുവരിയിലാണ് അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

അധ്യാപകന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലായിരുന്നു. ഇത്രയും കാലം ശിക്ഷയായി പരിഗണിച്ചു ജയില്‍ വിമുക്തനാക്കി നാട്ടിലേക്ക് തിരിച്ചയക്കുന്നതിനാണ് കോടതി വിധി. അധികൃതരുടെ അനുമതിയോ, അറിവോ ഇല്ലാതെ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനും സ്റ്റോക്റ്റണ്‍ ഇന്‍ഡിപെന്റന്റ് വിദ്യാഭ്യാസ ജില്ലയ്ക്കും ഇടയില്‍ മദ്ധ്യവര്‍ത്തിയാണ് എന്ന പ്രചരണം നടത്തിയാണ് ഹൈദരാബാദില്‍ നിന്നും അധ്യാപകരെ ഇദ്ദേഹം ആകര്‍ഷിച്ചത്.