07:45 am 11/5/2017
ന്യൂഡൽഹി: കോടികളുടെ വായ്പയെടുത്തു രാജ്യം വിട്ടു ലണ്ടനിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യ ജൂലൈ പത്തിനു കോടതിയിൽ ഹാജരാകുമെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കർശന നിർദേശം. ജസ്റ്റീസുമാരായ ആദർശ് കുമാർ ഗോയൽ, ഉദയ് ഉമേഷ് ലളിത് എന്നിവരുടെ ബെഞ്ചാണ് മല്യയുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകിയത്.
കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ജൂലൈ പത്തിന് ഹാജരാകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം മല്യയോട് ആവശ്യപ്പെട്ടിരുന്നു. മുംബയ്, ഡൽഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്റുകൾ അനുസരിച്ചു കഴിഞ്ഞ മാസം പതിനെട്ടിനു മല്ല്യ ലണ്ടനിൽ അറസ്റ്റിലായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം ജാമ്യത്തിൽ പുറത്തുവന്നു.