വി.എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

08:27pm 29/04/2016
download (2)
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. ഒരു ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്.
ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വി.എസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി.
മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ 136 കേസുകളുണ്ടെന്നുമുള്ള വി.എസിന്റെ ആരോപണമാണ് കേസിന് ആധാരം. കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനം, പ്രസംഗത്തിന്റെ വിഡിയോ സീഡി എന്നിവ തെളിവായി ഹാജരാക്കി.
ഇത് രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി വി.എസ്. അച്യുതാനന്ദനെതിരെ അപകീര്‍ത്തിക്കേസ് നല്‍കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കോഴി ഇറക്കുമതി ചെയ്യുന്നതിന് ഉമ്മന്‍ ചാണ്ടി കോഴ വാങ്ങിയെന്ന് ആരോപിച്ച് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ അന്ന് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ 2002ല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ 2008ല്‍ കോടതി 1.10 ലക്ഷം രൂപ ശിക്ഷ വിധിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാതിക്കെതിരെ വി.എസ് രംഗത്തെത്തി. കപടമനസാക്ഷിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ പരാതി നല്‍കുന്നതെന്ന് വി.എസ് ആരോപിച്ചു. ആരോപണങ്ങളെ നേരിടാനാകാതെ കേസുകളിലൂടെ നേരിടുന്നത് പരിഹാസ്യമാണ്. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.