വി.എസ്പിണറായി ഭിന്നത നിലനില്‍ക്കുന്നു :ഉമ്മന്‍ചാണ്ടി

06:20pm 30/04/2016
download (4)
കോഴിക്കോട്: ഒരുമിച്ചെന്ന് പറയുമ്പോഴും സി.പി.എമ്മിനുള്ളില്‍ വൈരുധ്യങ്ങള്‍ വളരുകയല്ലേ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് സി.പി.എമ്മിലെ വി.എസ്പിണറായി അഭിപ്രായഭിന്നതയെ കുറിച്ച് ഉമ്മന്‍ചാണ്ടി പരാമര്‍ശിക്കുന്നത്. വി.എസും പിണറായിയും ഏകമനസോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്നാണ് എല്‍.ഡി.എഫ് അണികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇരുവരും തമ്മിലുള്ള വൈരുദ്ധ്യം ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി.പി.എമ്മിന്റെ കേരളത്തിലെ പ്രധാന നേതാക്കളായ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച്, ഏകമനസോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി എന്നതാണല്ലോ ഇന്ന് എല്‍.ഡി.എഫ് അണികള്‍ ഏറെ വാഴ്ത്തിപ്പാടുന്ന ഒരു കാര്യം. ഇങ്ങനെയാണ് പറയുന്നതെങ്കിലും അതിനിടയിലും ഇവര്‍ തമ്മിലുള്ള വൈരുദ്ധ്യം ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

2006ലും 2011ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്‌നം വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ഭിന്നതയും പോരുമായിരുന്നു. അതിനുശേഷം രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധിച്ച നിരവധി ഏറ്റുമുട്ടലുകളാണ് ഇവര്‍ പരസ്യമായും പാര്‍ട്ടിക്കുള്ളിലും നടത്തിയത്. ഒന്നര പതിറ്റാണ്ടു നീണ്ട ഈ പ്രശ്‌നങ്ങളെല്ലാം ഒരു ദിവസം കൊണ്ട് പറഞ്ഞു ധാരണയാക്കി തെരഞ്ഞെടുപ്പ് രംഗത്തെത്തിയപ്പോഴും ഇണങ്ങാത്ത കണ്ണികള്‍പോലെ ഈ വൈരുധ്യം തുടരുകയല്ലേ, അതിന്റെ വ്യക്തമായ ഉദാഹരണങ്ങളല്ലേ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതും.

പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി എല്ലാം ഒറ്റ വരിയിലൊതുക്കി, തീരുമാനമെടുക്കാനുള്ള അവസരം അണികള്‍ക്കു നല്‍കുകയായിരുന്നില്ലേ വി.എസ്. അച്യുതാനന്ദന്‍ ചെയ്തത്. തന്റെ പഴയ വിശ്വസ്തനെ തള്ളിപ്പറയാനുള്ള മനസില്ലാതെ പോയതാണോ പൂഞ്ഞാറിലെത്തി ഇത്തരമൊരു നിലപാടെടുക്കാന്‍ വി.എസ്. അച്യുതാനന്ദനെ പ്രേരിപ്പിച്ചത്. 200106ല്‍ വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും പ്രിയപ്പെട്ടവനും ഏറ്റവും വലിയ പിന്തുണക്കാരനുമായിരുന്നല്ലോ പി.സി. ജോര്‍ജ്. മറുവശത്ത് പിണറായി വിജയനുമായുള്ള പി.സി. ജോര്‍ജിന്റെയും തിരിച്ചുമുള്ള അഭിപ്രായ വ്യത്യാസവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ എതിര്‍പ്പാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അനുകൂലിച്ചിട്ടുപോലും ജോര്‍ജിനെ എല്‍.ഡി.എഫില്‍ എത്തിക്കാതിരിക്കുന്ന തരത്തില്‍ കര്‍ശന നിലപാടെടുക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.

ജോര്‍ജിനെ പരാജയപ്പെടുത്താന്‍ പൂഞ്ഞാറില്‍ നേരിട്ടെത്തി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ജോര്‍ജിനെ ഇത്തവണ നിയമസഭ കാണാന്‍ അനുവദിക്കരുതെന്ന കല്ലേപിളര്‍ക്കുന്ന കല്‍പ്പന പുറപ്പെടുവിച്ചാണ് പിണറായി തിരിച്ചുവന്നത്. വി.എസ്. അച്യുതാനന്ദന്‍ പൂഞ്ഞാറില്‍ പ്രചാരണം കഴിഞ്ഞു തിരിച്ച ഉടന്‍, വി.എസ്.അച്യുതാനന്ദന്‍ പൂഞ്ഞാറിലെത്തിയത് എനിക്ക് വോട്ടു പിടിക്കാനാണെന്നു പറയാനുള്ള ആത്മവിശ്വാസം ജോര്‍ജിനുണ്ടായി. ഒരാളിന്റെ ഭൂരിപക്ഷത്തിലാണ് വി.എസിന് മുഖ്യമന്ത്രിയാകാന്‍ കഴിയാതിരിക്കുന്നതെങ്കില്‍ അതിനുവേണ്ടി താന്‍ കൈപൊക്കുമെന്നു ജോര്‍ജ് പറഞ്ഞിരുന്നു.

സംസ്ഥാനത്തെ മദ്യ നിരോധനം സംബന്ധിച്ച് യച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയമെന്നു വി.എസ്. അച്യുതാനന്ദന്‍ പറയുകയും പാര്‍ട്ടി അധികാരത്തിലേറിയശേഷം മാത്രമേ മദ്യനയത്തിനു രൂപം നല്‍കൂ എന്നും അപ്പോള്‍ യച്ചൂരിയുടെ അഭിപ്രായം പരിഗണിക്കുമെന്നും പിണറായി പറഞ്ഞതും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഈ അഭിപ്രായ വ്യത്യാസത്തിനു ശേഷമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങളുടെ മുന്നില്‍നിന്നു വിട്ടുനില്‍ക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. എല്‍.ഡി.എഫിന്റെ മദ്യനയത്തിന്റെ അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നു.

പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളും വൈരുധ്യങ്ങളും നിലനില്‍ക്കുമ്പോഴാണ് വോട്ടിനുവേണ്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകള്‍ കവലകളില്‍ സ്ഥാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന 19നു ശേഷം പൂര്‍വാധികം ശക്തിയോടെ ഈ തമ്മില്‍ തല്ല് വീണ്ടും ആരംഭിക്കില്ലേ. അതിനുവേണ്ടിയല്ലേ ഇപ്പോള്‍ എല്ലാം മറച്ച് പരസ്പരം കെട്ടിപ്പിടിക്കുന്നത്.