വെള്ളിയാഴ്ച മുതല്‍ തിരക്കിനനുസരിച്ച് റെയില്‍വെ നിരക്ക് കൂട്ടും

01.55 AM 08-09-2016
image_760x400
ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ഇതനുസരിച്ച് വിമാനക്കമ്പനികള്‍ ചെയ്യുന്നത് പോലെ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ യാത്രാക്കൂലി ഉയര്‍ത്തുകയും യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ നിരക്ക് കുറയ്ക്കുകയും ചെയ്യും.
രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് കൂട്ടാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പുതിയ പുതിയ രീതി നിലവില്‍ വരും. ട്രെയിനുകളിലെ ഓരോ പത്ത് ശതമാനം സീറ്റുകളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റുകഴിയുമ്പോള്‍ ടിക്കറ്റ് നിരക്ക് പത്ത് ശതമാനം ഉയര്‍ത്താനാണ് തീരുമാനം. ഇതിന് ഉയര്‍ന്ന നിരക്കിന്റെ പരിധിയും നിര്‍ണ്ണയിക്കും. ഒന്നാം ക്ലാസ് എ.സി, എക്‌സിക്യൂട്ടീവ് എ.സി കോച്ചുകളിലെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. റിസര്‍വേല്‍ന്‍ ചാര്‍ജ്, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്, കാറ്ററിങ് ചാര്‍ജ്ജ്, സര്‍വ്വീസ് ചാര്‍ജ് എന്നിവ ഉയര്‍ന്ന ടിക്കറ്റിന് പുറമെ ഈടാക്കും. ചാര്‍ട്ടിങ് പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന ടിക്കറ്റുകള്‍ കറണ്ട് റിസര്‍വേഷന്‍ മുഖേനെ വിതരണം ചെയ്യും.
യാത്രാ നിരക്ക് ഉയര്‍ന്ന ക്ലാസ് ടിക്കറ്റിനേക്കാള്‍ അധികമാവുകയാണെങ്കില്‍ അക്കാര്യം യാത്രക്കാരെ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ അറിയിക്കുമെന്നും വേണമെങ്കില്‍ അപ്പോള്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റെടുക്കാമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. അതുപോലെ എല്ലാ ക്ലാസിലെയും അവസാന ടിക്കറ്റ് വിറ്റ നിരക്ക് റിസര്‍വേഷന്‍ ചാര്‍ട്ടിലും പ്രിന്റ് ചെയ്യും. ഇത് അടിസ്ഥാനമാക്കിയാവും ട്രെയിനില്‍ വെച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്നതും ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് തുക ഈടാക്കുന്നതും. ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകളുടെ റീഫണ്ട് നിബന്ധനകളില്‍ റെയില്‍വെ മാറ്റം വരുത്തിയിട്ടില്ല.
വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെങ്കിലും അതുവരെ എടുക്കുന്ന ടിക്കറ്റുകള്‍ വെള്ളിയാഴ്ചക്ക് ശേഷം യാത്ര ചെയ്യാനുള്ളതാണെങ്കിലും ഇപ്പോഴുള്ള നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ഇവരില്‍ നിന്ന് പിന്നീട് അധിക തുക ഈടാക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.