വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.

12:30 pm 2/1/2017
images (1)

തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ ഇസ്രായേലിന്‍െറ നാലാമത്തെ അറിയിപ്പാണിത്. വെസ്റ്റ്ബാങ്കിലെ ജൂദിയ സമരിയ മേഖലയില്‍ 3000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിദ്ഗോര്‍ ലീബര്‍മാനുമാണ് ഉത്തരവിട്ടത്. 1967ലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്ക് കൈയേറിയത്. ജനുവരി 20ന് ട്രംപ് അധികാരമേറ്റതു മുതല്‍ കിഴക്കന്‍ ജറൂസലമില്‍ 566 ഉം വെസ്റ്റ്ബാങ്കില്‍ 2502 ഉം കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞയാഴ്ച കിഴക്കന്‍ ജറൂസലമില്‍ 153 ഭവനങ്ങള്‍കൂടി നിര്‍മിക്കാന്‍ ഉത്തരവ് നല്‍കി. ദ്വിരാഷ്ട്ര പരിഹാരമെന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒബാമ ഭരണകൂടത്തിന്‍െറ സമ്മര്‍ദം മൂലം കുടിയേറ്റ പദ്ധതികള്‍ മരവിപ്പിച്ചു നിര്‍ത്തിയതായിരുന്നു. ട്രംപ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ നെതന്യാഹു സര്‍ക്കാര്‍ സാഹചര്യം മുതലെടുത്ത് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രായേലിന്‍െറ നിര്‍മാണം.

അതിനിടെ, കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഉത്തരവ് നല്‍കിയതിനു പിന്നാലെ വെസ്റ്റ്ബാങ്കിലെ അമോനയിലെ ജൂതകുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം തുടങ്ങി. വെസ്റ്റ്ബാങ്കില്‍ പ്രവേശിച്ച നൂറുകണക്കിന് ഇസ്രായേല്‍ പൊലീസ് ബലംപ്രയോഗിച്ചാണ് കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ റാമല്ലക്കടുത്ത അമോന ഒൗട്ട്പോസ്റ്റിനടുത്തേക്ക് സംഘടിച്ചത്തെിയ ഇസ്രായേല്‍ പൊലീസ് ആളുകളെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.അമോനയില്‍ 50 കുടുംബങ്ങളിലായി 250 ആളുകള്‍ താമസിക്കുന്നുണ്ട്. 2014ല്‍ അമോന ഫലസ്തീന്‍ ഭൂമിയിലാണെന്നും അവിടെയുള്ള കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇസ്രായേല്‍ സുപ്രീംകോടതി വിധിച്ചിരുന്നു.