വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ​പാകിസ്​താൻ

03:25 PM 02/10/2016
download (9)
ഇസ്​ലമാബാദ്​: രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്​താന്‍. ഉറി ആക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ​ കറാച്ചിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്​താൻ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 33,000 അടിക്ക് മുകളില്‍ വിമാനങ്ങള്‍ പറക്കാന്‍ പാടില്ലെന്നുള്ള നിയന്ത്രണം ഇപ്പോള്‍ ലാഹോറിന് മുകളിലും ബാധകമാക്കിയിരിക്കുകയാണ്.

കൂടാതെ രാജ്യത്തി​െൻറ മൊത്തം എയര്‍സ്പേസില്‍ വിദേശ കമേഴ്സ്യല്‍ വിമാനങ്ങള്‍ താണ് പറക്കുന്നതിനും പാക്കിസ്​താന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഒഴിവാക്കുന്നതിനോ പാക് യുദ്ധവിമാനങ്ങള്‍ക്ക് മറ്റ് തടസ്സങ്ങളുണ്ടാവാതിരിക്കാനോ വേണ്ടിയാവാം പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സഹാചര്യത്തില്‍ ഇന്ത്യയിലെ വ്യോമസേനാ താവളങ്ങള്‍ക്കും ജാഗ്രാതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചടിക്കാന്‍ പാകത്തില്‍ തയാറായിരിക്കാനാണ് വ്യോമസേനക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാകിസ്​താന്‍ സേനാമേധാവി ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യ അതിര്‍ത്തയിലും നിയന്ത്രണരേഖയിലും കനത്ത ജാഗ്രത തുടരുകയാണ്.കശ്‍മീരിലെത്തിയ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് വിവിധ ഗ്രൂപ്പുകളുടെ ചുമതലയുള്ള സൈനിക തലവന്മാരുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ ദിവസം കശ്മീരിലെത്തിയ കരസേനാ മേധാവി അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.