ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ത്യാഗിയുടെ ബന്ധു ജൂലി ത്യാഗി, അഭിഭാഷകൻ ഗാതം കെയ്താൻ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇതാദ്യമായാണ് ഒരു മുൻ സേനാ മേധാവി അറസ്റ്റിലാകുന്നത്.
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡുമായി നടത്തിയ ഇടപാടിൽ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജൂലി ത്യാഗിയെക്കൂടാതെ ദോസ്‌ക ത്യാഗിയെക്കുറിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവിൽ 12 ഹെലികോപ്ടറുകൾ വാങ്ങുന്നതിനായി 2010ൽ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കരാർ. അഴിമതി ഉയർന്ന സാഹചര്യത്തിൽ 2014ൽ സർക്കാർ റദ്ദാക്കുകയും ചെയ്തു. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അഗസ്റ്റവെസ്റ്റ്ലന്‍ഡ് കമ്പനിയുടെ മാതൃസ്ഥാപനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മനാടായ ഇറ്റലിയിലുള്ള ഫിന്‍മെക്കാനിക്കയാണ്.
ഇറ്റാലിയന്‍ കോടതി ഫിന്‍മെക്കാനിക്ക ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. കോപ്ടര്‍ ഇടപാടില്‍ കോഴപ്പണം മറിഞ്ഞുവെന്ന ആരോപണം നേരിടുന്ന ഫിന്‍മെക്കാനിക്ക കമ്പനി ഉദ്യോഗസ്ഥരെ വെറുതെവിട്ട നടപടി തിരുത്തിയാണ് അവര്‍ക്ക് ഇറ്റാലിയന്‍ കോടതി ശിക്ഷ വിധിച്ചത്.

