08:56 am 17/4/2017
കട്ടക്ക്: പെൻഷൻ പണത്തിനായുള്ള തർക്കത്തിന്റെ പേരിൽ വയോധികനെ ഭാര്യയും മകനും ചേർന്ന് അടിച്ചു കൊലപ്പെടുത്തി. ഫക്കിർ മൊഹന്തി എന്ന അറുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഒഡീഷയിലെ കട്ടക്കിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
മുന്പ് സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന മൊഹന്തിയെ മുന്പുതന്നെ ഭാര്യയും മകനും ചേർന്ന് വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. ഇതേതുടർന്ന് ഇദ്ദേഹം ഭുവനേശ്വറിലെ ചേരിയിലാണ് താമസിച്ചിരുന്നത്. സംഭവദിവസം പെൻഷൻ വാങ്ങുന്നതിനു വേണ്ടി മൊഹന്തി കട്ടക്കിലെ കോക്കിപഡയിലെത്തി. പണം വാങ്ങിയ മൊഹന്തിയോട് ഭാര്യയും മകനും ഇതിന്റെ ഒരു വിഹിതം ആവശ്യപ്പെട്ടു. നൽകാൻ തയാറാകാതിരുന്ന വൃദ്ധനെ മകനും ഭാര്യയും ചേർന്ന് മുളവടിയും ഇരുന്പുകന്പിയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം വീട്ടിൽതന്നെ മരിച്ചു.