ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല

08:56 am 19/11/2016

unnamed

ന്യൂഡല്‍ഹി: പതിവു പ്രവൃത്തി ദിവസമാണെങ്കിലും ബാങ്കുകളില്‍ ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളിലെ തിരക്ക് കുറഞ്ഞതായി അസോസിയേഷന്‍ വ്യക്തമാക്കി.

താൽകാലികമായി മാറ്റിവെച്ച ജോലികൾ ബാങ്ക് ജീവനക്കാർക്ക് പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് ശനിയാഴ്ചത്തെ നോട്ടുമാറ്റം ഐ.ബി.എ പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ, ഈ ഞായറാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും. രാജ്യത്തെ വിവിധ ബാങ്കുകളുടെ അഭ്യർഥന പ്രകാരമാണ് നടപടിയെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) മേധാവി രാജീവ് ഋഷി പറഞ്ഞു.

ബാങ്കുകളിലെ ജനബാഹുല്യം കാരണം അസാധുവായ നോട്ടുകൾ മാറ്റിയെടുക്കാൻ എത്തുന്ന മുതിർന്ന പൗരന്മാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബാങ്കുകളിൽ പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ധനമന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു.