ശനിയാഴ്ച 111-മത് സാഹിത്യ സല്ലാപത്തില്‍ “രോഗ ചികിത്സ’ ഡോ. കുര്യാക്കോസ് നയിക്കുന്ന ചര്‍ച്ച .

07:33 pm 2/1/2017

– ജയിന്‍ മുണ്ടയ്ക്കല്‍

ഡാലസ്: ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “രോഗ ചികിത്സ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും വൈദ്യ ശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തൃശൂര്‍ സ്വദേശിയായ ഡോ. കുര്യാക്കോസ് വി. തെക്കെത്തലയായിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം ഭിഷഗ്വരന്മാരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്.

ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും വൈദ്യ ശാസ്ത്ര രംഗത്തെക്കുറിച്ചും രോഗ ചികിത്സാ രീതികളെക്കുറിച്ചും കൂടുതല്‍ അറിയുവാനും താത്പര്യമുള്ള എല്ലാ ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പത്താമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “പ്രൊഫ. എം. ടി. ആന്‍റണി അനുസ്മരണം’ ആയിട്ടാണ് നടത്തിയത്. ആദ്യകാല അമേരിക്കന്‍ മലയാളിയും ന്യൂയോര്‍ക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ജോസഫ് മുണ്ടശ്ശേരി, എം. പി. പോള്‍, സി. ജെ. തോമസ്, കേശവദേവ്, ഉറൂബ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, കോവിലന്‍, നന്ദനാര്‍, ഓ. എന്‍. വി., എം. ടി., സത്യന്‍, യേശുദാസ്, ചെറിയാന്‍ കെ. ചെറിയാന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. മുണ്ടശ്ശേരിയുടെ കടുത്ത ആരാധകനും അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിരുന്ന ആളുമായിരുന്നു ആന്‍റണിച്ചേട്ടന്‍. 2016 ജനുവരി 29-നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. “അമ്മിണി’, “ഡോ. ഘോഷ്’, നിര്‍മല്‍കുമാര്‍ എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്‍റേത്. അന്തരിച്ച പ്രൊഫ. എം. ടി. ആന്‍റണിയുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരുന്നു ഈ അനുസ്മരണം നടത്തിയത്. അദ്ദേഹവുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികള്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയുണ്ടായി.

ഡോ. തെരേസാ ആന്‍റണി, ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. ബി. ആര്‍. പി. ഭാസ്കര്‍, ജോസ് മുണ്ടശ്ശേരി, മിസിസ് ഷെട്ടി, ഡോ. കുര്യാക്കോസ് വി. തെക്കെത്തല, സി. എം. സി., ഡോ: എന്‍. പി. ഷീല, ഡോ. ആനി കോശി, മാത്യു നെല്ലിക്കുന്ന്, മനോഹര്‍ തോമസ്, രാജു തോമസ്, അലക്‌സ്, ജോസഫ് പൊന്നോലി, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, തെരേസ ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സി. പൗലോസ്, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 4696203269
Join us on Facebook https://www.facebook.com/groups/142270399269590/