ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു

07:27pm 8/4/2016

download (3)
അഹ്മദ് നഗര്‍: മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപൂരിലെ ക്ഷേത്ര ശ്രീകോവിലിലേക്ക് സ്ത്രീകള്‍ പ്രവേശിച്ചു. അനുകൂലമായി കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്രപ്രവേശനത്തിന് ഭാരവാഹികള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു. വനിതാ പ്രവര്‍ത്തക തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ക്ഷേത്രത്തിലെത്തയിട്ടും അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശമാണുള്ളതെന്നും അതിനാല്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോടതിവിധി. ഇത് നടപ്പാക്കാതിരിക്കാനായി കഴിഞ്ഞയാഴ്ച മുതല്‍ ശ്രീകോവിലിലേക്ക് പുരുഷന്‍മാര്‍ക്കും കൂടി അനുമതി നിഷേധിക്കുകയായിരുന്നു അധികൃതര്‍. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് നൂറോളം പുരുഷന്മാര്‍ ക്ഷേത്രത്തിനകത്തേക്ക് തള്ളിക്കയറി. തുടര്‍ന്നാണ് ക്ഷേത്രം അധികൃതര്‍ നിലപാട് മാറ്റിയത്. ഒരു സ്ത്രീയേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ക്ഷേത്രം ഭാരവാഹികളുടെ തീരുമാനത്തെ ‘ഭൂമാത ബ്രിഗേഡ്’ നേതാവ് തൃപ്തി ദേശായ് സ്വാഗതം ചെയ്തു. ഇത് സ്ത്രീകളുടെ വിജയമാണ്. ലിംഗസമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലെ വലിയൊരു നാഴികക്കല്ലാണിത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ബോംബെ ഹൈകോടതി വിധി നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനും തൃപ്തി ദേശായ് നന്ദി രേഖപ്പെടുത്തി.

കോടതിവിധിക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അമ്പലത്തിലെ ആരാധനക്ക് തടസം നില്‍ക്കുന്നവരെ ആറ്മാസം വരെ ജയിലിടക്കുന്ന വൈകാതെ തന്നെ പാസാക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയിരുന്നു.