ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

12;14 pm 29/12/2016

AIADMK-general-body.jpg.image_.784.410

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ്-ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താൽക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്ന പുരസ്കാരം, മാഗ്സസെ അവാർഡ്, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം, ജയലളിതയുടെ പിറന്നാൾ ദിവസം ദേശീയ കർഷക ദിനമായി പ്രഖ്യാപിക്കണം എന്നതുൾപ്പെടെയുള്ള 14 പ്രമേയങ്ങളും ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കി.

ചെന്നൈ വാനഗരത്തില്‍ ശ്രീ വരു വെങ്കടാചലപതി കല്യാണമണ്ഡപത്തില്‍ രാവിലെ 9.30നാണ് യോഗം തുടങ്ങിയത്. പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. 280 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 2,770 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. ​ജയലളിതക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.തുടർന്ന് പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനമെടുത്തു.